Saturday, January 3, 2026

യോഗ്യത കൊടിപിടിച്ച തഴമ്പാണ്. കമ്മ്യൂണിസ്റ്റ് കേരളത്തിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല

സംഗീത നാടക അക്കാദമിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ചെയർമാനാകാൻ സംഗീതമോ നാടകമോ ചലച്ചിത്രമോ മാത്രം പോരാ. കയ്യിൽ ചെങ്കൊടി പിടിച്ച തഴമ്പ് കൂടെ വേണമെന്നാണ് പിണറായി സർക്കാരിന്റെയും സിപി ഐ എമ്മിന്റെയും വാദം. സംഗീത നാടക അക്കാദമി ചെയർമാനായി പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെയും ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെയും നിയമിക്കാൻ AKG സെന്റർ തീരുമാനിച്ചു എന്നാണ് മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനുള്ള കാര്യങ്ങളൊക്കെ AKG സെന്ററാണോ തീരുമാനിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ ഇത് കേരളമാണ് എന്നൊക്കെ പറഞ്ഞുകളയും.

പക്ഷെ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് സഖാക്കൾക്ക് എംജി ശ്രീകുമാർ ബിജെപി അനുഭാവിയാണോ എന്നൊരു തോന്നലുണ്ടായത്. പണ്ടെങ്ങോ വി മുരളീധരൻ തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വേദി പങ്കിട്ടുവെത്രെ. എംജി ശ്രീകുമാർ മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സംഗീതലോകത്ത് വില മതിക്കാനാകാത്ത സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹമേതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കു വേണ്ടി സംസാരിക്കുന്നത് പൊതുവെ നമ്മളാരും കണ്ടിട്ടില്ല. ബിജെപി സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചോദിച്ചിട്ടുണ്ടെങ്കിൽ തന്നെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഉള്ളയാളല്ല. എങ്കിലും സിപിഐഎമ്മിന് ഭയമാണ്. സ്വന്തം പാർട്ടിക്കാരല്ലാതെ ആരെങ്കിലും ഈ പദവികളിൽ വന്നുപോയാൽ പിന്നെ സഖാക്കളുടെ പരിപാടികളൊന്നും ഇത്തരം സ്ഥാപനങ്ങളിൽ നടപ്പില്ലല്ലോ. ഈ ബിജെപി ഭയം കാരണം എംജി യുടെ നിയമന തീരുമാനം പുനഃപരിശോധിക്കുകയാണ് സിപിഐഎം.

വര്ഷങ്ങളുടെ കലാ പാരമ്പര്യമുള്ള രണ്ട് കലാകാരന്മാർ. ഒരാൾക്ക് കൈയിൽ നേരത്തെ പറഞ്ഞ തഴമ്പുണ്ട്. രഞ്ജിത്തിന്റെ രാഷ്ട്രീയം നമുക്കറിയാവുന്നതാണ്. ആ തഴമ്പില്ലാത്തതിന്റെ പേരിൽ എംജി ശ്രീകുമാർ എന്ന അതുല്യ കലാകാരൻ തഴയപ്പെടുകയാണ്. ഇത് കേൾക്കുമ്പോൾ ആർക്കും അതിശയോക്തി തോന്നിക്കൊള്ളണമെന്നില്ല. കാരണം ഇവിടെ ഇങ്ങനെയൊക്കെയാണ്. ഈ തഴമ്പ് നിയമങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാകുകയാണ്. താൽക്കാലിക നിയമങ്ങൾക്കെല്ലാം ഇത് നേരത്തെ ബാധകമാണ്. PSC നിയമനങ്ങൾക്ക് പോലും ഇത് നിർബന്ധമാക്കിയ ചരിത്രമുണ്ട് പിണറായിക്ക്. ഈ തഴമ്പുള്ളവരെ മാത്രമേ ഇപ്പൊ കോളേജിൽ പഠിപ്പിക്കാനും വിടാറുള്ളു. ഗവർണർ അതാണല്ലോ ഇടഞ്ഞു നിൽക്കുന്നത്. ആയിരക്കണക്കിന് കലാകാരന്മാരെയും ഈ നാടിന്റെ കലാ പാരമ്പര്യത്തെയും ബാധിക്കുന്ന തീരുമാനങ്ങളെ പോലും രാഷ്ട്രീയ വൽക്കരിച്ച് സ്വജന പക്ഷപാതത്തിനുള്ള വേദിയാക്കുമ്പോൾ മന്ത്രിമാർ ചുമതലയേൽക്കുന്നതിനു മുമ്പ് “ഭീതിയോ പക്ഷപാതമോ കൂടാതെ ” എന്ന് വായിച്ചു തള്ളുന്ന സത്യപ്രതിജ്ഞക്ക് ഈ സംസ്ഥാനത്ത് എന്തുവിലയാണുള്ളത്.

Related Articles

Latest Articles