Sunday, May 26, 2024
spot_img

രാജ്യത്ത് ഒമിക്രോൺ കേസുകൾ ആയിരത്തിലേയ്ക്ക് അടുക്കുന്നു; ഇതുവരെ രോഗബാധ റിപ്പോർട്ട് 781 പേർക്ക്; നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron Cases In India) വർധിക്കുന്നതായി റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഇതുവരെ 781 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 238 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.

അതേസമയം മഹാരാഷ്‌ട്രയിൽ 168 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. 241 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ദില്ലിയിൽ രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിയന്ത്രണത്തിന്റെ ആദ്യ ഘട്ടമായ യെല്ലോ അലർട്ട് ദില്ലിയിൽ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു. ദില്ലിയിലെത്തുന്ന വിദേശയാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റും. നിലവിലുള്ള രാത്രികാല കർഫ്യൂ തുടരും. ഹോട്ടലുകൾ ക്വാറന്റീൻ സെന്ററുകളാക്കും. മെട്രോ സർവ്വീസുകളിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് തയ്യാറെടുപ്പുകൾ ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം കോവിഡിന്റെ വകഭേദമായി രംഗത്തെത്തിയിരിക്കുന്ന ഒമിക്രോൺ ബാധ അതീവ ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. കോവിഡിന്റെ രണ്ടാം ഘട്ടവ്യാപനത്തിലേതുപോലെ കൂടുതൽ പേരിലേക്ക് പടരുന്ന സ്വഭാവമാണ് അതിനുള്ളതെന്നും, അതിവേഗവ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നും ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗെബ്രിയേസുസ് പറഞ്ഞു.

Related Articles

Latest Articles