കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ വിവാദമായ മാര്‍ക്ക്ദാനം റദ്ദാക്കി ഒരു മാസമായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും തിരികെ വാങ്ങിയിട്ടില്ല. മാര്‍ക്ക്ദാനം റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനം ചാൻസിലര്‍ കൂടിയായ ഗവര്‍ണ്ണറും അംഗീകിരിച്ചിട്ടില്ല.
2019 ഏപ്രില്‍ 30ന് കൂടിയ സിൻഡിക്കേറ്റാണ് ബിടെക് കോഴ്സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷൻ നല്‍കാൻ തീരുമാനിച്ചത്. വലിയ വിവാദമായതോടെ മേയ് 17 ന് കൂടിയ സിൻഡിക്കേറ്റ് മാര്‍ക്ക് ദാന നടപടി പിൻവലിച്ചു. 69 പേരാണ് മാര്‍ക്ക് ദാനം വഴി ജയിച്ച് എംജിയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചത്.
ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയാലേ സാങ്കേതികമായി മാര്‍ക്ക് ദാനം റദ്ദാകൂ. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥിക്ക് പ്രത്യേക മെമ്മോ നല്‍കണം. അവരെ വിളിച്ച് വരുത്തി കാരണം ബോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങണം. പക്ഷേ ഇതിനുള്ള ഒരു നടപടിയും എംജി സര്‍വകലാശാല തുടങ്ങിയിട്ടില്ല.അതായത് പ്രത്യേക മോഡറേഷൻ ഇപ്പോഴും നിലനില്‍ക്കുന്നു എന്നര്‍ത്ഥം.

