Friday, November 6, 2026

ഒഴിയാതെ പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; കൂടിയത് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും

ദില്ലി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളും ആഗോള എണ്ണവ്യാപാര രംഗത്തെ അസ്ഥിരതയും മൂലം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തുദിവസത്തിനിടയിൽ ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഇതോടെ ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 99.51 രൂപയായും ഡീസൽ വില 92.49 രൂപയായും ഉയർന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലേക്ക് കുതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധിയും സാരമായി ബാധിച്ചിട്ടുണ്ട്. മേയ് 15-ന് ലിറ്ററിന് 3 രൂപ വീതവും, മേയ് 19-ന് 90 പൈസ വീതവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമതും വില കൂട്ടേണ്ടി വന്നിരിക്കുന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിലെ ഈ വൻ വിലക്കയറ്റത്തിന്റെ പൂർണ്ണമായ ആഘാതം ജനങ്ങളിലേക്ക് എത്താതിരിക്കാൻ മോദി സർക്കാർ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. ആഗോളതലത്തിൽ വില കുതിച്ചുയർന്നിട്ടും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനം കോടിക്കണക്കിന് രൂപയുടെ നഷ്ടം സഹിച്ചാണ് ആഭ്യന്തര വിപണിയിൽ വില പിടിച്ചുനിർത്തിയിരുന്നത്. ജനങ്ങൾക്ക് മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി കേന്ദ്ര സർക്കാർ എണ്ണ ഇറക്കുമതിക്ക് ബദൽ മാർഗ്ഗങ്ങൾ ആരായുകയും, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകളിലൂടെ എണ്ണവ്യാപാരം സുഗമമാക്കാനും ആഭ്യന്തര വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം.

Related Articles

Latest Articles