കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഇന്ത്യയുടെ നിര്‍ണായകമായ കാർവാർ നാവിക താവളത്തിന് സമീപമാണ് ഈ സ്ഥലം. ചൊവ്വാഴ്ച കാര്‍വാറിലെ രബീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലാണ് പരിക്കേറ്റ പക്ഷിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ പക്ഷിയെ വനം വകുപ്പിന് കൈമാറി. ഇവിടെ വച്ച് പക്ഷിയുടെ പരിക്കുകൾ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ശരീരത്തിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത്. ഉപകരണത്തില്‍ ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു. ട്രാക്കറില്‍ ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശോധനയില്‍ ഇമെയില്‍ വിലാസം ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നാണ് ഉപകരണത്തിനു മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് . സംഭവത്തിൽ വ്യക്തത വരുത്താനായി അധികൃതര്‍ ഈ ഇമെയില്‍ ഐഡിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്.

