Friday, March 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 22 |ശ്രീ പെരുമ്പത്തൂരിൽ പൊട്ടിറിത്തെറിച്ച പകവീട്ടലിലെ രാജീവ് രത്ന ഫിറോസ് | സി പി കുട്ടനാടൻ

കഴിഞ്ഞ ലക്കത്തിൽ 1991ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ് നാം നിറുത്തിയത്. ഇനി അതിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കാം. മേയ് 20, ജൂണ്‍ 12, ജൂണ്‍ 15 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർട്ടികളെല്ലാം ആവേശത്തോടെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങി. കൈവിട്ട അധികാരം തിരിച്ചു പിടിക്കാനാവുമെന്ന ആത്മവിശ്വാസവുമായി രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാർട്ടിയും, മികച്ച പ്രകടനം നടത്താൻ സാധിയ്ക്കുമെന്ന പ്രതീക്ഷയിൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ ബിജെപിയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും വീറോടെ പ്രചാരണം നടത്തി. മണ്ഡൽ ഓർ മന്ദിർ എന്ന മുദ്രാവാക്യത്തിൻ്റെ തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറിയത്. എല്ലാം മാറിമറിയാൻ അധികം ദിവസങ്ങൾ വേണ്ടി വന്നില്ല

രാജീവ് ഗാന്ധിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ശ്രദ്ധാതാരം. ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിൻ്റെ തൊട്ടു പിറ്റേ ദിവസം (മെയ് -21) വൈകുന്നേരം 6 മണിയോടെ ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർഥി മരഗതം ചന്ദ്രശേഖറുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീ പെരുമ്പത്തൂരിലേയ്ക്ക് പോകുവാൻ രാജീവ്ജി ഒരുമ്പെട്ടു. അതിനായി വിശാഖപട്ടണത്തു നിന്നും മദ്രാസിലേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ കയറി അദ്ദേഹം പുറപ്പെട്ടു. (വിമാനം തകരാറിലായിരുന്നുവെന്നും പിന്നീട് അത് പരിഹരിച്ചാണ് യാത്ര നടത്തിയതെന്നും കേൾക്കുന്നുണ്ട്) മദ്രാസിലെത്തിയ രാജീവ്ജിയെ ജി.കെ. മൂപ്പനാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഇതേ സമയം പലതവണ പരിശീലനം ചെയ്ത് കിറു കൃത്യമായ ആസൂത്രണത്തോടെ അടങ്ങാത്ത പകയുമായി എൽടിടിഇ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ സംഘത്തിൽ ഒമ്പതു പേരുണ്ടായിരുന്നു. അവരുടെ ആത്മഹത്യാ ബൊംബർമാർ ധനു, ശുഭ എന്നിങ്ങനെയുള്ള രണ്ടു വനിതകളുടെ രൂപത്തിൽ ശ്രീ പെരുമ്പത്തൂർ കോൺഗ്രസ്സ് റാലിയിൽ സന്നിഹിതരായിരുന്നു. തേന്മൊഴി രാജരത്നം എന്ന ധനുവിൻ്റെ പരിശ്രമം പാളിയാൽ ബാക്കപ്പ് ബോംബറായി ലക്‌ഷ്യം പൂർത്തീകരിയ്ക്കുകയായിരുന്നു ശുഭയുടെ ദൗത്യം. അവരുടെ ലക്ഷ്യം മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ജി ആയിരുന്നു.

രാത്രി 10.10ഓടെ രാജീവ്ജി ശ്രീപെരുമ്പത്തൂരിലെത്തി. വന്‍ജനാവലിയായിരുന്നു അദ്ദേഹത്തെ കാണുവാൻ അവിടെ ഉണ്ടായിരുന്നത്. സർവ സുരക്ഷാ സംവിധാനങ്ങളെയും അലങ്കോലമാക്കും വിധമുള്ള തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് നടുവിലുള്ള വേദിയിലേക്ക് കയറുവാനായി രാജീവ്ജി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നടന്നു. ഇതിനിടെ ഓറഞ്ചു നിറം കലർന്ന പച്ച നിറത്തിലുള്ള ചുരിദാറിട്ട ധനു എന്ന പെൺകുട്ടി കയ്യിൽ ഒരു പൂമാലയും പിടിച്ച് രാജീവ്ജിയ്ക്ക് ചാർത്തുവാനായി പോലീസ് വലയം ഭേദിയ്ക്കാൻ ശ്രമിച്ചു.

ഈ ശ്രമം അനസൂയ എന്ന പോലീസ് ലേഡി സബ് ഇൻസ്‌പെക്ടർ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് തടഞ്ഞു. ഇത് കണ്ട രാജീവ്ജി മാലയുടെ പിന്നിലെ വിശ്വാസ വഞ്ചനയും പകയും തിരിച്ചറിയാതെ ധനുവിനെ അരികിലേക്ക് വിടാൻ പോലീസുകാരിയോട് നിർദ്ദേശിച്ചു. “റിലാക്സ് ബേബി” എന്ന് തൻ്റെ കണ്ഠത്തിലെ അവസാന വാക്കുകൾ ഉച്ഛരിച്ചുകൊണ്ട് ധനുവിനോട് മര്യാദ കാണിച്ച അദ്ദേഹം മരണത്തെയായിരുന്നു അരികിലേക്ക് വിളിച്ചത്.

രാജീവ്ജിയുടെ അരികിൽ എത്തിയപ്പോൾ അവൾ കയ്യിലിരുന്ന മരണമാല്യം അദ്ദേഹത്തിൻ്റെ കഴുത്തിലിട്ടു. ശേഷം കാൽതൊട്ടു വന്ദിക്കാനെന്ന ഭാവേന ഒന്നു കുനിഞ്ഞ്, അരയിലെ ബട്ടൺ അമർത്തി. അവളുടെ അരയിൽ ഒരു ബ്ലൂ ഡെനിം ബെൽറ്റിൽ 2 mm കനമുള്ള 10,000 സ്റ്റീൽ പെല്ലറ്റുകൾ അടക്കം ചെയ്ത RDX ബോംബ് ബന്ധിച്ചിട്ടുണ്ടായിരുന്നു. അതിലെ ട്രിഗർ ബട്ടണിലായിരുന്നു അവൾ അമർത്തിയത്. അപ്പോള്‍ സമയം 10.21 ഒരു നിമിഷം കൊണ്ട് സ്റ്റീൽ പെല്ലറ്റുകൾ രാജീവ് ഗാന്ധിയുടെ ശരീരത്തിലൂടെ തുളച്ചു കേറി. അദ്ദേഹത്തിൻ്റെ സമീപത്തുണ്ടായിരുന്ന 14 പേരും ചിന്നിച്ചിതറി. രാജീവ്ജിയും ധനവുമടക്കം 16 പേർക്ക് മരണം 43 പേർക്ക് അതിഗുരുതരമായ പരിക്കുകൾ. ജനക്കൂട്ടം പരിഭ്രാന്തമായി. ഇങ്ങനൊരു കാര്യം അപ്രതീക്ഷിതമായിരുന്നു. അൽപ നേരത്തേയ്ക്ക് പോലീസുകാർ ഇതികർത്തവ്യഥാ മൂഢരായി.

റാലിയിൽ പങ്കെടുത്തിരുന്ന ജി കെ മൂപ്പനാരും ജയന്തി നടരാജനും സ്ഥാനാർഥി മരഗതം ചന്ദ്രശേഖറും രക്ഷപെട്ടു. ഈ രക്ഷപെടൽ ഇപ്പോഴും വ്യക്തതയില്ലാതെ പൊതു സമൂഹത്തിൽ കോൺസ്പിരസി തിയറികൾ സൃഷ്ടിച്ചുകൊണ്ട് നിലനിൽക്കുന്നു. മൂപ്പനാരും ജയന്തി നടരാജനും സ്ഫോടന സ്ഥലത്തേയ്ക്ക് ഓടിയെത്തി രാജീവ്ജിയെ തൊടാൻ ശ്രമിച്ചു. പക്ഷെ ചിതറിയ ശരീരഭാഗങ്ങളായിരുന്നു അവർക്ക് മുമ്പിൽ ഉണ്ടായിരുന്നത്. തുടർന്നുള്ള സംഗതികൾ മേജർ രവി സംവിധാനം ചെയ്ത് 2007ൽ റിലീസ് ചെയ്ത മിഷൻ 90 ഡേയ്‌സ് എന്ന സിനിമയിൽ വ്യക്തമായി കാണിയ്ക്കുന്നുണ്ട്.

തെറ്റോ ശരിയോ മണ്ടത്തരമോ എന്തുമാകട്ടെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ഇന്ത്യൻ താത്പര്യങ്ങൾക്കു വേണ്ടി രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട വ്യക്തിയായ രാജീവ് രത്ന ഫിറോസിനെ ഇല്ലായ്‌മ ചെയ്ത എൽടിടിഇയുടെ പ്രവൃത്തി ഒന്നുകൊണ്ടും ന്യായീകരിയ്ക്കപ്പെടുന്നതല്ല. രാജീവ്ജിയുടെ തീരുമാനങ്ങളോട് രാഷ്ട്രീയ കാരണങ്ങളാൽ എതിർപ്പുണ്ടെങ്കിലും അദ്ദേഹം അലങ്കരിച്ചിരുന്ന ഭാരത പ്രധാനമന്ത്രി എന്ന പദവിയാണ് അത് ചെയ്തത്. അല്ലാതെ ഫിറോസ് – ഇന്ദിരാ ദമ്പതികളുടെ മകൻ രാജീവ് രത്‌നയ്‌ക്ക്‌ ശ്രീലങ്കയിൽ തമിഴരുടെ കാര്യത്തിൽ എന്താണ് ഗ്രീവൻസ്. ഒന്നുമില്ല., ഈ കൃത്യം ചെയ്തവരെ പിടികൂടി കാര്യങ്ങൾക്ക് വ്യക്തത വരുത്തി ശിക്ഷിയ്ക്കേണ്ടത് ഇന്ത്യൻ ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ്.

മേയ് 22ന് കേസ് അന്വേഷണത്തിന് സി.ബി – സി.ഐ.ഡി. ടീം രൂപവത്കരിക്കപ്പെട്ടു. രാജീവ്ജിയുടെ ഛിന്നഭിന്നമായ ശരീരാവശിഷ്ടങ്ങൾ ദില്ലിയിലെ പാലം എയർപോർട്ടിലേക്ക് വിമാന മാർഗം കൊണ്ടുപോയി. തുടർന്ന് AIIMSൽ വെച്ച് അവ കൂട്ടിച്ചേര്‍ത്ത് എംബാം ചെയ്തു. തുടർന്ന് യമുനാ നദിയുടെ തീരത്തുള്ള വീർഭൂമിയിൽ മെയ് 24ന് രാജീവ്ജിയുടെ മൃതദേഹം സംസ്കരിയ്ക്കപ്പെട്ടു. അന്നേ ദിവസം തന്നെ കേസ് അന്വേഷണം സി.ബി.ഐ. ഔദ്യോഗികമായി ഏറ്റെടുത്തു.

പിടിവീണാൽ ആത്മഹത്യ ചെയ്യുവാനായി കഴുത്തിൽ സയനൈഡ് മാലയുമായി നടക്കുന്ന എൽടിടിഇ ക്രിമിനൽ സംഘത്തിലെ ഒറ്റക്കണ്ണനായ ശിവരശൻ എന്നയാളെയാണ് വേലുപ്പിള്ള പ്രഭാകരൻ രാജീവ് വധ ദൗത്യം ഏൽപ്പിച്ചിരുന്നത്. ഇയാളുടെ യഥാർത്ഥ പേര് പാക്കിയനാഥൻ എന്നാണ്. രഘുവരൻ എന്നൊരു പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. LTTEയുടെ സ്ഫോടന വിദഗ്ദ്ധൻ മുരുകൻ, LTTE മദ്രാസ് സ്ലീപ്പർ സെൽ പ്രവർത്തകരായ സുബ്രഹ്മണ്യൻ, മുത്തുരാജ, ഇലക്ട്രോണിക്സ് വിദഗ്ധനായ പേരറിവാളൻ, നളിനി, കീർത്തി, നേര്, സുരേഷ് മാസ്റ്റർ, അമ്മൻ, ജമീല എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച മൃഗങ്ങൾ.

റാലി റിപ്പോർട്ട് ചെയ്യാനായി വന്ന് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഹരിബാബു എന്ന ലോക്കൽ ഫോട്ടോഗ്രാഫറുടെ കാമറ സിബിഐയുടെ തെളിവെടുപ്പിൽ കണ്ടെടുത്തു. അതിൽ നിന്നും തുടങ്ങിയ അന്വേഷണം ഇന്ത്യയാകെ വലവിരിച്ച് നിരവധി അറസ്റ്റുകളിലൂടെ കടന്നുപോയി. ഇതിൻ്റെ പരിണിതിയിലേയ്ക്ക് ഇപ്പോൾ കടക്കുവാൻ ഞാൻ ഒരുമ്പെടുന്നില്ല. രാജീവ്ജിയ്ക്ക് നീതി കിട്ടിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലിരുന്ന് എടുത്ത തീരുമാനങ്ങളുടെ പാർശ്വഫലത്തെ നീതിയുക്തമാക്കാൻ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് കഴിഞ്ഞില്ല. എൽടിടിഇ ഭീകരരുടെ മനുഷ്യാവകാശ വാദവും വീര പരിവേഷവും നമ്മുടെ ജനാധിപത്യത്തോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. രാജീവ്ജിയ്ക്ക് കിട്ടാത്ത എന്ത് മനുഷ്യാവകാശമാണ് ഇന്ത്യൻ മണ്ണിൽ ഈ ദ്രോഹികൾ അർഹിയ്ക്കുന്നതെന്ന് എൻ്റെ പൗരബോധത്തിന് അജ്ഞാതമാണ്.

എന്തിനേറെ പിൽക്കാലത്ത് ഈ കേസിലെ പ്രതികൾക്ക് മാപ്പു കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു മാലാഖയുടെ വേഷം കെട്ടുവാൻ രാജീവ് ജിയുടെ വിധവയായ ഇറ്റലിക്കാരി സോണിയാ രാജീവും അദ്ദേഹത്തിൻ്റെ മകൾ പ്രിയങ്കാ രാജീവും മകനായ രാഹുൽ രാജീവുമൊക്കെ ശ്രമിച്ചു. ഇക്കാര്യത്തിൽ ഇവർക്ക് വധ ശിക്ഷ നൽകണം എന്ന നിലപാട് എടുത്തത് അന്നും ഇന്നും ബിജെപി മാത്രമാണ്. നിലപാടുകൾക്കപ്പുറം എന്ത് ചെയ്തു എന്ന ചോദ്യത്തിന് ന്യായീകരണ വാദങ്ങളല്ലാതെ മറ്റൊന്നും നിരത്താൻ കോൺഗ്രസിനോ ബിജെപിയ്‌ക്കോ ഇല്ല.

എന്തായാലും ഈ സംഭവത്തോടെ രാഷ്ട്രീയ രംഗം ആകെ കലങ്ങി മറിഞ്ഞു. കെ. കരുണാകരനെപ്പോലെയുള്ള രാഷ്ട്രീയ ചാണക്യന്മാർ ഈ സാഹചര്യം കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ കലാശിപ്പിയ്ക്കാൻ കരുക്കൾ നീക്കി.

തുടരും…

Related Articles

Latest Articles