Sunday, May 19, 2024
spot_img

സൈനിക വേഷം അണിയുന്നത് പുകയില ഉത്പന്നങ്ങള്‍ കടത്താൻ; പിടിയിലായ ജാര്‍ഖണ്ഡ് സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് 250 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍

കൊല്ലം: സൈനിക വേഷത്തില്‍ ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി മന്‍സൂര്‍ അലി (49) റെയില്‍വേ സ്റ്റേഷനില്‍ പിടിയിൽ. ബംഗളൂരു -കൊച്ചുവേളി എക്‌സ‌്പ്രസില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു.

ഇന്നലെ രാവിലെ എട്ടു മണിയോടെ ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോഴാണ്‌ സംശയകരമായ സാഹചര്യത്തില്‍ മന്‍സൂര്‍ അലിയെ ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന്‌ കസ്റ്റഡിയിലെടുത്തത്‌. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 250 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ സൈനികര്‍ ഉപയോഗിക്കാറുള്ള മൂന്ന് പെട്ടികളിലായാണ്‌ ഇയാള്‍ കടത്തിക്കൊണ്ടുവന്നത്.

സൈനികര്‍ ധരിക്കാറുള്ള ബനിയനും തൊപ്പിയുമായിരുന്നു വേഷം. ബംഗളൂരുവില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ വാങ്ങിയത്. എക്സൈസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്‍.പി.എഫ് സി.ഐ ആര്‍.എസ്. രാജേഷ്, എക്‌സൈസ് സി.ഐ നൗഷാദ്, ആര്‍.പി.എഫ് എ.എസ്.ഐ റസല്‍ റോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മന്‍സൂര്‍ അലി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലില്‍ കുറെക്കാലം തന്തൂരി പാചകക്കാരനായിരുന്നു.

Related Articles

Latest Articles