Tuesday, May 21, 2024
spot_img

മാത്യു കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചുപറയുകയാണ്; കുറച്ച് കഴിയുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും, കുഴല്‍നാടന്റെ ആരോപണങ്ങൾ ശക്തമായപ്പോൾ മൂടിക്കെട്ടിയ വാ തുറന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് മുൻപ് ഒഴിഞ്ഞ് മാറി മൗനം പാലിച്ച മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചു. മാത്യു കുഴൽനാടൻ ആരോപിക്കുന്നത് തെറ്റാണെന്ന് വാദിച്ച് കൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. എവിടുന്നോ കിട്ടിയ വിവരങ്ങൾ ചേർത്ത് എന്തൊക്കെയോ വിളിച്ച് പറയുകയാണ് കുഴൽനാടൻ എന്നാണ് മന്ത്രിയുടെ വാദം. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നതെന്നും നീതിക്കൊപ്പം എന്നും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നുമുള്ള അടിസ്ഥാന രഹിതമായ വാദങ്ങളാണ് മന്ത്രി നിരത്തിയത്.

പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ചെയ്തത്. എന്നാൽ പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ മാസപ്പടിയെ പറ്റി മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ സമ്മേളനം നിർത്തി എഴുന്നേൽക്കുകയായിരുന്നു. യാതൊരുവിധ മറുപടികളും ഇടത് നേതാക്കന്മാർ നൽകിയില്ലെന്ന് മാത്രമല്ല ചോദ്യങ്ങളിൽ നിന്ന് അവർ ഒളിച്ചോടുകയാണ് ചെയ്യുന്നത്.

അതേസമയം മാസപ്പടി വിവാദം മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് എം എൽ എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി പി എം രംഗത്തെത്തിയത്. എന്നാൽ എല്ലാവിധത്തിലുള്ള പരിശോധനകളും നടത്താമെന്നും താൻ ഇത് ഒരു വെല്ലുവിളിയായി സ്വീകരിക്കുകയാണെന്നുമാണ് മാത്യുകുഴൽനാടൻ പ്രതികരിച്ചത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആണ് ആദ്യമായി കുഴൽനാടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ലെന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്ങ്മൂലത്തിൽ തെറ്റുള്ളതായും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഇടത് നിലപാട് രംഗത്ത് വന്നത്.

Related Articles

Latest Articles