Sunday, May 19, 2024
spot_img

രാജ്യം അഭിമാനത്തോടെ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനങ്ങൾക്കെതിരെ ജനങ്ങളെ ഇളക്കിവിടാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചില എൻ ജി ഒ കളുടെ ഗൂഡാലോചന? വി 20 സെമിനാർ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ദില്ലി പോലീസ്; ഗത്യന്തരമില്ലാതെ പരിപാടി റദ്ദാക്കി സിപിഎം

ദില്ലി: വി20 സെമിനാർ റദ്ദാക്കി സി പി എം കേന്ദ്ര നേതൃത്വം. ആഗസ്റ്റ് 18 മുതൽ 20 വരെയായിരുന്നു സെമിനാറുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടികൾ നടന്നെങ്കിലും രണ്ടാം ദിവസമായ ഇന്നലെ രാവിലെ തന്നെ ദില്ലിപ്പോലീസെത്തി സെമിനാർ തടഞ്ഞു. സി പിഎമ്മിന്റെ ദില്ലിയിലെ പഠന ഗവേഷണ കേന്ദ്രമായ ഹർകിഷൻ സിംഗ് സുർജിത് ഭവൻ ആയിരുന്നു സമ്മേളന വേദി. ഇന്നലെ രാത്രി പോലീസെത്തി വേദിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ബാരിക്കേഡുകൾ സ്ഥാപിച്ച് ആളുകൾ അകത്തു കടക്കുന്നത് തടയുകയും ചെയ്‌തിരുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേഷും മുതിർന്ന സിപിഎം നേതാക്കളും നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല. ദില്ലി പോലീസ് പരിപാടി നടക്കുന്ന ഹാൾ പൂട്ടുകയും പുറത്ത് സി ആർ പി എഫ് നിലയുറപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെയും സെമിനാർ നടത്താനുള്ള ശ്രമം ദില്ലി പോലീസ് സ്റ്റോപ്പ് മെമ്മോ നൽകി തടഞ്ഞു. തുടർന്ന് സെഷനുകൾ റദ്ദാക്കുകയായിരുന്നു.

രാജ്യം ഏറെ അഭിമാനത്തോടെ ആതിഥേയത്വം വഹിക്കുന്ന ജി 20 സമ്മേളനങ്ങൾക്കെതിരെ ജനവികാരം ഇളക്കിവിടാനുള്ള ചില എൻ ജി ഒ കളുടെ ശ്രമത്തിന്റെ ഭാഗമായാണ് സെമിനാറുകൾ നടത്തുന്നത് എന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. നർമ്മദാ ബച്ചാവോ ആന്തോളൻ, പീപ്പിൾ ഫസ്റ്റ്, ആൾട്ടർനേറ്റീവ് ലോ ഫോറം തുടങ്ങി എഴുപതോളം വിവാദ എൻ ജി ഒ കളുടെ സാന്നിദ്ധ്യം സംശയാസ്പദമാണ്. വൻകിട രാജ്യങ്ങളുടെ തലവന്മാർക്ക് കോടികൾ പൊടിച്ച് സ്വീകരണമൊരുക്കുന്നു, ജി 20 സമ്മേളനങ്ങളുടെ ഭാഗമായുള്ള നഗര സൗന്ദര്യവൽക്കരണത്തിനു ആയിരങ്ങളെ കുടിയിറക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങളിലൂടെ ജി 20 സമ്മേളനങ്ങൾക്കെതിരായി ജനവികാരം ഉയർത്താൻ ഈ സംഘടനകൾ ശ്രമിക്കുന്നതായും സി പി എം ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇന്നലെ സെമിനാർ നടപടികളിൽ ഇടപെട്ട പോലീസ് നടപടിക്കെതിരെ സി പി എം നേതാക്കൾ പ്രതിഷേധിച്ചിരുന്നു. പോലീസ് പറയുംപോലെ മുൻ‌കൂർ അനുമതി പരിപാടിക്ക് ആവശ്യമില്ലെന്നും പോലീസ് രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ലെന്നും അവർ വാദിച്ചു. എന്നാൽ പരിപാടി നടക്കുന്ന ദീൻ ദയാൽ ഉപാദ്ധ്യായ മാർഗ്ഗ് അതീവ സുരക്ഷാ മേഖലയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിക്ക് അതിനാൽ തന്നെ അനുമതി ആവശ്യമുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി നേതാക്കൾക്ക് രേഖാമൂലം സ്റ്റോപ്പ് മെമ്മോ നൽകിയതോടെ സമ്മേളനങ്ങൾ നിർത്തിവയ്ക്കാൻ സിപിഎം നിർബന്ധിതമാകുകയായിരുന്നു.

Related Articles

Latest Articles