Tuesday, September 22, 2026

കള്ളാടിയിലുണ്ടായത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ് ! അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് വിനയായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മേപ്പാടി : വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് സൂചന. നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഇത്തരമൊരു വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കൊങ്കൺ അധികൃതരുമായി നടത്തിയ മുൻ മീറ്റിങ്ങുകളിൽ ഉൾപ്പെടെ ഇത്തരമൊരു അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിർമ്മാണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്ന കണ്ടെയ്നർ ഓഫീസിൽ നിന്നാണ് കണ്ടെടുത്തത്. നിലവിൽ കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുൾപ്പെടെ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൺകൂനകൾക്കിടയിൽ ഇനിയും ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.

ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദിഖും വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾക്ക് പുറമേ വയനാട്ടിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കോഴിക്കോട് നിന്നുള്ള പ്രത്യേക എൻഡിആർഎഫ് സംഘത്തോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് തുടരുകയാണ്.

Related Articles

Latest Articles