ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് അഭിമാനകരമായ നേട്ടം കൊയ്ത ചലച്ചിത്ര പ്രതിഭകളെ സഹകരണം, രജിസ്ട്രേഷന്, സാംസ്കാരികം മന്ത്രി വി.എന്‍. വാസവന് അഭിനന്ദിച്ചു. നിരവധി നേട്ടങ്ങളാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും പുസ്തക വിഭാഗത്തിലും നേടാനായത്. ഏത് കലാരംഗത്തുമെന്ന പോലെ മലയാളികളായ പ്രതിഭകള്‍ ഏതു ഭാഷയിലും ഏതു ദേശത്തും നേട്ടത്തിന്റെ നെറുകയിലേയ്ക്ക് നടന്നു കയറുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡെന്നും വി.എന്‍. വാസവന് പറഞ്ഞു.
മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി അപര്‍ണ ബാലമുരളി തമിഴ് ചിത്രമായ സുററൈ പൊട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദേശീയ അവാര്‍ഡ് നേടിയത്. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെയല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെയാണ് അപര്‍ണ പ്രതിഫലിപ്പിച്ചത്. മികച്ച പ്രകടനത്തിലൂടെയാണ് ദേശീയ പുരസ്കാരം അപര്‍ണ നേടിയതെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയുടെ പ്രകൃതി ഭംഗിയെ പശ്ചാത്തലമാക്കി മനുഷ്യ മനസിലെ വികാരങ്ങള്‍ വികാരതീവ്രമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും മികച്ച പ്രകടനം തന്നെ നടത്തി. യാഥാര്‍ത്ഥ്യങ്ങള്‍ ആസ്വാദകരിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ മറ്റ് ഗായികമാരുടെ ശബ്ദത്തെ ആശ്രയിക്കാതെ തദ്ദേശവാസിയുടെ സ്വരത്തെ ആശ്രയിച്ച സംവിധായകന് സച്ചിയുടെ തീരുമാനം ശരിയാണെന്ന് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ നഞ്ചിയമ്മ തെളിയിച്ചു. സാധാരണക്കാരനായ അയ്യപ്പന് നായരുടെ വികാര വിക്ഷോഭങ്ങള്‍ കൈവിട്ടു പോകാതെ ഭദ്രമാക്കി ബിജു മേനോന് മികച്ച സഹ നടനുള്ള പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി.

