Saturday, June 15, 2024
spot_img

മന്ത്രിമാരെ തടഞ്ഞുള്ള പ്രതിഷേധം; ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: മുതാലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌തതിനെ തുടർന്ന് അപകടസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനം ചെയ്തതിനും മന്ത്രിമാരെ തടഞ്ഞതിനുമാണ് കേസ്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയായാണ് കേസെടുത്തത്. യൂജിൻ പെരേരയ്ക്കെതിരെ മാത്രമാണ് കലാപാഹ്വാന കേസെടുത്തത്.
ഇതിന് പുറമെ റോഡ് ഉപരോധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലാറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്.

രാവിലെ മത്സ്യബന്ധനത്തിനു പോയ മൽസ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാദൗത്യം വൈകുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങുകയും ചെയ്തു.

പിന്നാലെ മന്ത്രിമാരെ തടയാൻ യൂജിൻ പെരേരയാണ് നാട്ടുകാരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കലാപാഹ്വാനമാണ് നടത്തിയതെന്നും സന്ദർശനത്തിനു ശേഷം മന്ത്രി ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രിമാർ തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തു സംസാരിക്കുകയായിരുന്നുവെന്നാരോപിച്ച് യൂജിൻ പെരേരയും രംഗത്ത് വന്നു.

Related Articles

Latest Articles