Friday, May 17, 2024
spot_img

ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യം ജപ്പാനുമായി കൈകോർത്ത് ! ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കും; നിർണ്ണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് പിന്നാലെ ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമായി (ജാക്‌സ) ഇന്ത്യ പുതിയ ചാന്ദ്ര ദൗത്യത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണം ചെയ്യാനായി ഒരു ചാന്ദ്ര റോവറും ലാൻഡറും ഈ ദൗത്യത്തിലൂടെ അയയ്ക്കും.

അതെ സമയം ജപ്പാനുമായുള്ള ദൗത്യത്തിന്റെ തീയതിയോ സമയമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല , എന്നാൽ 2026 ഓടെ ജപ്പാനുമായി സഹകരിച്ച് ഐഎസ്ആർഒ നാലാമത്തെ ബഹിരാകാശ പേടകം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വരുന്ന 14ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ചന്ദ്ര പര്യവേക്ഷണ ദൗത്യം വിക്ഷേപിക്കാൻ ഐഎസ്ആർഒ ഒരുങ്ങുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിക്കുക.

ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുക എന്നതാണ് ചന്ദ്രയാൻ -3 ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. കണക്കുകൂട്ടലുകൾ പോലെ കാര്യങ്ങൾ കൃത്യമായി നടന്നാൽ വരുന്ന ഓഗസ്റ്റ് 23-നോ ഓഗസ്റ്റ് 24-നോ ഇന്ത്യൻ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു തദ്ദേശീയ ലാൻഡർ മൊഡ്യൂൾ അടങ്ങുന്ന ചന്ദ്രയാൻ -3 ഒരു പ്രൊപ്പൽഷൻ മോഡലും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശാസ്ത്രീയ പേലോഡുകളുള്ള റോവറും സജ്ജീകരിച്ചിരിക്കുന്നു. ചന്ദ്രയാൻ-2-ന്റെ തുടർച്ചയായുള്ള ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3.

Related Articles

Latest Articles