Wednesday, September 23, 2026

ദില്ലിയിലെ മിറാൻഡ ഹൗസിൽ പുറത്ത് നിന്നുള്ളവർ അതിക്രമിച്ച് കയറിയ കേസ് ; പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ രംഗത്ത്

ദില്ലി : സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിമൻസ് കോളേജായ മിറാൻഡ ഹൗസിൽ പുറത്ത് നിന്നുള്ളവർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ. കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന്‌ പ്രിൻസിപ്പൽ പ്രൊഫ. ബിജയലക്ഷ്മി നന്ദ പറഞ്ഞു.

ആഘോഷ പരിപാടികൾ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ക്യാമ്പസിലേക്ക് മറ്റൊരു കോളേജിലെ വിദ്യാർത്ഥികൾ പ്രവേശിക്കുകയായിരുന്നു. ചിലർ മതിൽക്കെട്ടുകളിൽ കയറി നിന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയതായും വിവരമുണ്ട്. വിദ്യാർത്ഥികൾ മതിലിന് മുകളിലേക്ക് വലിഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

ആഘോഷത്തിനിടെ തിരക്ക് അനുഭവപ്പെട്ടതിനാൽ കോളേജ് അധികൃതർ വാതിലടച്ചെങ്കിലും ചിലർ പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. ‘ഫെസ്റ്റ് ദിനത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത് . ഞങ്ങൾ കോളേജുകളുടെ ഗേറ്റ് അടച്ചെങ്കിലും വിദ്യാർത്ഥികൾ മതിലുകൾ ചാടി അകത്ത് കടക്കാൻ ശ്രമിച്ചു. പോലീസ് ഉടൻ നടപടി സ്വീകരിച്ചതിനാൽ പ്രശ്‌നം വേഗം പരിഹരിക്കാനായി’.

‘ലൈംഗികാതിക്രമ പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസിനെ അറിയിച്ചിട്ടുണ്ട്, അവർ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്’ പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം പുരുഷന്മാർ കോളേജിന്റെ മതിലുകൾ ചാടിക്കടക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദില്ലി പോലീസ് സ്വമേധയാ കേസെടുത്ത് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Related Articles

Latest Articles