Friday, May 3, 2024
spot_img

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് സൂചന

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തി വന്നിരുന്ന ആക്രമണം ഫെബ്രുവരി ആദ്യ ആഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇറാഖിൽ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്.

വൈറ്റ് ഹൗസിൽ യുഎസ് പസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാഖിന്റേയും സിറിയയുടേയും അതിർത്തി നഗരമായ സുമ്മറിൽ ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ കണ്ടിരുന്നതായി സുരക്ഷാ വൃത്തങ്ങൾ പറയുന്നു.

പ്രദേശത്ത് ഉടനീളം ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും, രക്ഷപ്പെട്ട അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും, ഇവരെ കണ്ടെത്താനായി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇറാഖിലെ സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.

Related Articles

Latest Articles