യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ക്രൂയിസ് മിസൈലാക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ പൗരന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വിദേശകാര്യ മന്ത്രാലയമാണ് ദുരന്തവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ചോളം കയറ്റി ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെടുകയായിരുന്ന ‘എംവി ഗോൾഡൻ ലിയോ ‘
എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ഇന്ത്യക്കാരായ അഞ്ച് പേർ ഉൾപ്പെടെ 17 ജീവനക്കാരായിരുന്നു ആക്രമണ സമയത്ത് കപ്പലിൽ ഉണ്ടായിരുന്നത്. മൂന്ന് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് കപ്പലിൽ വൻ തീപിടിത്തമുണ്ടായതായി യുക്രെയ്ൻ നാവികസേന വ്യക്തമാക്കി.
സംഭവത്തിൽ ഇന്ത്യ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന നടപടികൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും ഇന്ത്യ പ്രതികരിച്ചു. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റയാൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകി വരികയാണെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.

