ഇടുക്കി: കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ് (45), മകൾ പാർവതി (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്.
ഇരുവരും ഡാമിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഇന്നലെ രാവിലെ 11 മണിയോടെ പാമ്പാടിയില്‍നിന്നും യാത്രതിരിച്ചത്.
വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈല്‍ ഫോണില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. ഇരുവരെയും കുറിച്ച് വിവരമില്ലാതായതിന് പിന്നാലെ വീട്ടുകാർ പല സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ടോടെ ബിനീഷിന്റെ ഭാര്യ പോലീസ് പരാതി നൽകുകയും ചെയ്തു.
ഇതോടെ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് ബിനീഷിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടിമാലി പരിസരത്ത് ഇവർ എത്തിയെന്ന് മനസിലായി. തുടർന്ന്, അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടോടെ കല്ലാർകൂട്ടി പാലത്തിനടുത്ത് ബൈക്ക് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് ഇരുവരും ഡാമില്‍ ചാടിയതാകുമെന്ന നിഗമനത്തില്‍ എത്തുകയും പിന്നീട് ഇന്ന് രാവിലെ ഫയർഫോഴ്സിന്റെ സ്കൂബാ ടീമും പൊലീസും നാട്ടുകാരും ചേർന്ന് കല്ലാർകുട്ടി ഡാമിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

