Saturday, October 10, 2026

ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ദേവഭൂമിയെ വീണ്ടും നയിക്കാൻ പുഷ്‌കർ സിംഗ് ധാമി; സത്യപ്രതിജ്ഞ 23 നെന്ന് സൂചന; ആശംസകൾ നേർന്ന് രാജ്‌നാഥ് സിംഗ്

ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ദേവഭൂമിയിൽ ആദ്യമായി തുടർഭരണം നേടിയെടുത്ത ബിജെപിയെ നയിക്കാൻ വീണ്ടും പുഷ്‌കർ സിംഗ് ധാമി. ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ഈ തീരുമാനം. മാർച്ച് 23 ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡെറാഡൂണിലെ പാർട്ടി ഓഫീസിൽ നടന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിലാണ് ധാമിയെ വീണ്ടും നേതാവായി തിരഞ്ഞെടുത്തത്. ഉത്തരാഖണ്ഡിൽ ബിജെപിയ്‌ക്കായി ചരിത്ര നേട്ടം കൊയ്ത നേതാവിനെത്തന്നെ മുഖ്യമന്ത്രിയായി മതിയെന്ന് യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഫെബ്രുവരി 14 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 47 സീറ്റും തൂത്തുവാരിയെങ്കിലും പുഷ്‌കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു.അദ്ദേഹം പരാജയപ്പെട്ടത് ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നാണ് . എന്നാൽ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച നേതാവിനെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.അതേസമയം പുഷ്‌കർ സിംഗ് ധാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന് പ്രതിരോധ മന്ത്രിയും ഉത്തരാഖണ്ഡിലെ പാർട്ടി നിരീക്ഷകനുമായ രാജ്‌നാഥ് സിംഗ് അറിയിച്ചു. മാത്രമല്ല ധാമിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ വികസനം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Related Articles

Latest Articles