കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ വമ്പൻ നീക്കവുമായി ബിജെപി. പ്രമുഖ വ്യവസായി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോടൊപ്പം ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.
ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം.
ട്വന്റി-20 മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ഭരണം നിലനിർത്താൻ ട്വന്റി-20യ്ക്ക് സാധിച്ചിരുന്നു . ഐക്കരനാട് പഞ്ചായത്തിൽ പതിനാറു സീറ്റിൽ മുഴുവൻസീറ്റും സ്വന്തമാക്കാനായി.തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുമായി.
മഴുവന്നൂരിൽ ആറും പൂതൃക്കയിൽ ഏഴും വെങ്ങോലയിൽ ആറും തിരുവാണിയൂരിൽ ഒൻപതും പുത്തൻകുരിശിൽ രണ്ടും തൃക്കാക്കര നഗരസഭയിൽ ഒരു ഡിവിഷനും ജയിക്കാനായി. എറണാകുളത്തിനു പുറത്ത് തൊടുപുഴയിൽ മണക്കാട് പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ജയിക്കാനായി.

