Sunday, May 5, 2024
spot_img

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം: അവശിഷ്ടങ്ങള്‍ ഭൂരിഭാഗവും നശിച്ചെന്ന് ഡിആര്‍ഡിഒ

ദില്ലി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം മൂലം ബഹിരാകാശത്ത് അടിഞ്ഞുകൂടിയ ഭൂരിഭാഗം അവശിഷ്ടങ്ങളും നശിച്ചുവെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. ഭൂരിഭാഗവും ദ്രവിച്ച് ഇല്ലാതായതായി, ശേഷിക്കുന്നവ അധികം വൈകാതെ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലൈസസ് സംഘടിപ്പിച്ച സംവാദത്തില്‍ ‘ സാങ്കേതിക വിദ്യ ദേശീയ സുരക്ഷയ്ക്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചുവരികയാണ് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഇല്ലാതാവാന്‍ എടുക്കുന്ന സമയം കൃത്യമായി പറയുക ബുദ്ധിമുട്ടാണ്, എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 27 നാണ് ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലായിരുന്നു പരീക്ഷണം.

എന്നാല്‍ ഇന്ത്യയുടെ പരീക്ഷണം ബഹിരാകാശ മാലിന്യം സൃഷ്ടിക്കുമെന്നും അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മറ്റ് ഉപഗ്രങ്ങള്‍ക്കും ഭീഷണിയാണെന്നുമുള്ള ആരോപണങ്ങളുമായി നാസയടക്കമുള്ള കേന്ദ്രങ്ങള്‍ രംഗത്തുവന്നിരുന്നു. ബഹിരാകാശത്ത് മാലിന്യം സൃഷ്ടിക്കുന്ന ഇത്തരം പരീക്ഷണം ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ചെയ്യില്ലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പ്രതികരിച്ചു .

എന്നാല്‍ പരീക്ഷണം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് തങ്ങാതെ ഭൗമാന്തരീക്ഷത്തില്‍ പതിച്ചില്ലാതാവുമെന്ന് ഇന്ത്യ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles