എറണാകുളം: യുവതി നൽകിയ പീഡനപരാതിയിൽ കേസെടുത്തതോടെ സംഭവത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പള്ളി എംഎൽഎ. താൻ ചെയ്തിട്ടില്ലെന്നാണ് എൽദോസിന്റെ വാദം. നിയമവിരുദ്ധമായി താൻ തെറ്റ് ചെയ്തിട്ടില്ല.പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.
പീഡനക്കേസ് വിവാദമായതോടെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫിലാണ്. പൊതുപരിപാടികൾ റദ്ദാക്കിയിരിക്കുന്നുണ്ട്. എംഎൽഎ എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ എം എൽ എ മാറിനിൽക്കുന്നുവെന്നാണ് വിവരം.
ഇന്നലെ പരാതിക്കാരി എംഎൽഎയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. 30 ലക്ഷം രൂപ ഒത്തുതീർപ്പിനായി വാഗ്ദാനം ചെയ്തിരുന്നുവെന്നും കോൺഗ്രസ് വനിതാ നേതാവുൾപ്പടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എംഎൽഎയുമായി 10 വർഷത്തെ ബന്ധമുണ്ടെന്നും സ്വഭാവം അറിഞ്ഞപ്പോൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെന്നും, ഇതിന് ശേഷം വലിയ ഉപദ്രവമാണെന്നും യുവതി ഇന്നലെ വ്യക്തമാക്കി.

