കൊല്ലം: പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവിശ്യപ്പെട്ട് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് മുന്നേ അറിഞ്ഞിരുന്നുവെന്നും അതിനാല്‍ ബില്ല് മാറി നല്‍കേണ്ടെന്ന് താന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധന നടത്തുമെന്നും കൂടാതെ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. മാത്രമല്ല ഇതിൽ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
അതേസമയം, രണ്ട് മാസം മുൻപ് 3 കോടി ചിലവിട്ട് നിർമ്മിച്ച ആയൂർവ്വേദ ആശുപത്രിയുടെ സീലിംഗ് ആണ് തകർന്ന് വീണത്. സംഭവത്തിൽ ആളപായമില്ല. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് തലവൂർ സർക്കാർ ആയൂർവേദ ആശുപത്രി നിർമ്മിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. സംഭവ സമയത്ത് രോഗികൾ ആരും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായി പോയത്. രണ്ട് മാസം മുൻപാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവിട്ടാണ് ആശുപത്രി നിർമ്മിച്ചത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള കമ്പനിയ്‌ക്കായിരുന്നു കെട്ടിട നിർമ്മാണത്തിനുള്ള ചുമതല ഏറ്റെടുത്തിരുന്നത്. നേരത്തെ ആശുപത്രി വൃത്തിയായി സൂക്ഷിച്ചില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാർ ആശുപത്രിയിൽ എത്തി ഡോക്ടർമാരെയും ശുചീകരണ തൊഴിലാളികളെയും ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സീലിംഗ് അടർന്നു വീണത്.
അതേസമയം, കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. കൂടാതെ വിജിലൻസ് അന്വേഷണം വേണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ നടന്ന അഴിമതിക്കെതിരെ പ്രതിഷേധിച്ച് ബിജെപിയും കോൺഗ്രസും ആശുപത്രിയിലേക്ക് മാർച്ച് നടത്തും.

