Monday, June 17, 2024
spot_img

ബാർക്കോഴയിൽ ക്രൈം ബ്രാഞ്ച് പോര ! ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എം എം ഹസൻ ; ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം

ബാർ കോഴ ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം.ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്ന് ഹസൻ ആരോപിച്ചു.

“ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോര. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് നേരിട്ട് പരാതി നൽകിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സഹായിക്കാനാണ്. കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണം. ബാർകോഴയിൽ പങ്കുള്ള എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവച്ച് മാറിനിന്നുവേണം അന്വേഷണം നേരിടാൻ ” – എം എം ഹസൻ പറഞ്ഞു

ബാർ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കിയത് പ്രകാരം എസ്പി മധുസൂദനൻ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു ക്രൈംബ്രാഞ്ച് മേധാവിക്കാണ് മേൽനോട്ടം.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ബാർ കോഴ വിവാദം ഉയർന്നു വന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു പുറത്തുവന്ന ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

Related Articles

Latest Articles