ഇടുക്കി: അരികൊമ്പനുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെ അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും.ഉച്ചയ്ക്ക് 2.30 നാണ് മോക്ക് ഡ്രിൽ നടത്തുക.അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പുനരധിവസിപ്പിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് കൈമാറി.മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ വിദഗ്ധ സമിതി ഇന്നലെതന്നെ അഡീഷണൽ അഡ്വ. ജനറലിന് കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.സ്ഥലം ഏതെന്ന് വിദഗ്ധ സമിതി അംഗീകരിച്ചാൽ കോടതിയുടെ അനുമതിക്ക് കാത്തുനിൽക്കാതെ ദൗത്യം തുടങ്ങാമെന്നാണ് ഉത്തരവ്. സ്ഥലപ്പേര് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

