Saturday, May 18, 2024
spot_img

‘പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും, സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നു’: സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ മോഡൽ

കൊച്ചി : കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ പ്രശസ്ത മലയാളി മോഡലിനോട് മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരിയായ മോഡൽ രംഗത്ത് വന്നു. പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്നും പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും അവർ പ്രതികരിച്ചു. സമൂഹമാദ്ധ്യമത്തിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും മോഡൽ കൂട്ടിച്ചേർത്തു.

‘‘സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.

അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ഇതു ജാമ്യത്തിൽ ഇറങ്ങിയ അവനോട് ‘ഞങ്ങൾ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടിൽ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്.’’–മോഡൽ പറഞ്ഞു.

കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ഓൾ കേരള മെൻസ് അസോസിയേഷനാണ് സ്വീകരണം നൽകിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് യുവാവിന് സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

എറണാകളും അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ തന്നെ പിന്തുടരുന്ന ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

‘യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നത് ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളും ഫോണിൽ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നുണ്ട് .സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. സവാദിന് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകർന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയിൽനിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം’ – അജിത് കുമാർ പറഞ്ഞു

Related Articles

Latest Articles