Sunday, May 5, 2024
spot_img

മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങി; സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടിയെത്തിയ കര്‍ഷകന് നിരാശ ബാക്കി!

വെള്ളരിക്കുണ്ട്: മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയതിനെ തുടർന്ന് സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടിയെത്തിയ കര്‍ഷകന് നിരാശ ബാക്കി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത താലൂക്ക് തല അദാലത്തിലാണ് മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി കര്‍ഷകനെത്തിയത്. കല്ലറയ്ക്കല്‍ കടവില്‍ കെ വി ജോര്‍ജ് എന്ന കര്‍ഷകനാണ് പരാതിയുമായി എത്തിയത്. 2022 ജൂണിലാണ് കെ വി ജോര്‍ജ്ജിന്‍റെ മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയത്.

കൂട്ടില്‍ കയറി കോഴികളെ തിന്നൊടുക്കിയ പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി വനത്തില്‍ വിട്ടു. എന്നാല്‍ വരുമാന മാര്‍ഗം നഷ്ടമായ കര്‍ഷകന്‍ ദുരിതത്തിലായി. പെരുമ്പാമ്പ് സര്‍ക്കാരിന്‍റെ സ്വന്തമായതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നാണ് കര്‍ഷകന്‍റെ വാദം. നഷ്ടപരിഹാരം തേടി വനംവകുപ്പ് അടക്കം വിവിധ ഓഫീസുകളില്‍ കയറിയെങ്കിലും പരിഹാരമുണ്ടാവാതെ വന്നതോടെയാണ് കെ വി ജോര്‍ജ്ജ് പരാതിയുമായി അദാലത്തിലെത്തുന്നത്. മന്ത്രിയും കളക്ടറും പരാതി കേട്ട് അമ്പരന്നെങ്കിലും പരിശോധിച്ച് നടപടിയുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയാണ് കര്‍ഷകനെ മടക്കി അയച്ചത്.

എന്നാല്‍ ഇത്തരമൊരു പരാതിയില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഫണ്ടില്ലെന്ന് അറിയിപ്പ് ലഭിച്ചതായാണ് കെ വി ജോര്‍ജ്ജിന്‍റെ മകന്‍ ഡാര്‍ലിന്‍ ജോര്‍ജ്ജ് വ്യക്തമാക്കിയത്. വെള്ളരിക്കുണ്ടിലെ കൊന്നക്കാടാണ് കെ വി ജോര്‍ജ്ജിന്‍റെ വീട്. വന്യമൃഗശല്യം രൂക്ഷമായ മേഖലയാണ് ഇതെന്നും കെ വി ജോര്‍ജ്ജിന്റെ മകന്‍ പ്രതികരിക്കുന്നു. കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷന് കീഴില്‍ വരുന്ന ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം പിടികൂടിയത് ഒന്‍പതോളം പെരുമ്പാമ്പുകളെയാണെന്നും ഡാര്‍ലിന്‍ പറയുന്നു. എന്നാല്‍ പിടികൂടുന്ന പാമ്പുകളെ ഏറെ ദൂരയല്ലാതെയാണ് വനംവകുപ്പ് അധികൃതര്‍ തുറന്ന് വിടുകയാണെന്ന സംശയവും കെ വി ജോര്‍ജ്ജിന്‍റെ മകന്‍ പങ്കുവയ്ക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും വീട്ടിലും സമീപ മേഖലകളിലും പെരുമ്പാമ്പ് അടക്കമുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ട്. എന്നാല്‍ പരിഹാരമൊന്നും ഇതുവരെയില്ലെന്നും കെ വി ജോര്‍ജ്ജിന്‍റെ മകന്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles