കൊച്ചി: കൊച്ചിയില്‍ മിസ്സ്‌കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസില്‍ പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് ഉണ്ടായിരുന്നത്.
മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച സംഭവം ഇപ്പോൾ മറ്റൊരു തലത്തിലേക്കാണ് വഴിമാറുന്നത്. സൈജു തങ്കച്ചന്‍റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് പുതിയ കേസുകള്‍ക്ക് വഴിവെച്ചത്. ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്ന് പൊലീസിന് ലഭിച്ചത് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്. ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍ ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. പാർട്ടികള്‍ നടന്ന സ്ഥലങ്ങൾ, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നൽകി.

