മൂന്നാം നരേന്ദ്രമോദി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ശനിയാഴ്ച നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. അമിത് ഷായും രാജ്‌നാഥ് സിങും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഇന്നലെ ചേർന്ന എൻഡിഎ യോഗത്തിൽ സർക്കാർ രൂപീകരണ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ എതിർപ്പുകളില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികളുടെ വകുപ്പുകൾ സംബന്ധിച്ച് വ്യക്ത വരുത്തുന്നതിനാലാണ് ചര്‍ച്ചകള്‍ നീളുന്നത്. ജെഡിയുവും ടിഡിപിയും പാര്‍ട്ടി യോഗങ്ങള്‍ നടത്തിവരികയാണ്.
നാളെ ദില്ലിയിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തില്‍ മോദിയെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഞായാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരുന്നത് ജൂണ്‍ 12-ലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ചാണ് ഈ മാറ്റമെന്നാണ് കരുതുന്നത് .

