ദില്ലി: വിദ്യാർത്ഥികൾ പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കണമെന്നും ഭാരതത്തിന്റെ വൈവിധ്യത്തെ അടുത്തറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നൂറുകണക്കിന് ഭാഷകൾ ഇവിടെയുണ്ട്. അത് വിദ്യാർത്ഥികൾ മുതലെടുക്കണമെന്നും പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ ഭാരതീയ ഭാഷയായ തമിഴ് ആണെന്നത് ഭാരതത്തിന്റെ സാംസ്ക്കാരിക സമ്പന്നതയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ടൈം മാനേജ്‌മന്റ് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും ചിട്ടയായ ജീവിതത്തിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ആഴ്ച്ചയിലൊരിക്കൽ അവധിയെടുക്കണമെന്നും ഇന്നത്തെ കുട്ടികൾ സ്മാർട്ട് ഫോണുകളെക്കാൾ സ്മാർട്ടാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ദിവസങ്ങളിലെ ഏകാഗ്രത സമൂഹ മാദ്ധ്യമങ്ങൾ കവരരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

പരീക്ഷാക്കാലത്ത് രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. പരീക്ഷാ പേ ചർച്ചയുടെ ആറാം അദ്ധ്യായമാണ് ഈ വർഷത്തേത്.155 രാജ്യങ്ങളിൽ നിന്ന് 40 ലക്ഷം വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയെ കേൾക്കാൻ രജിസ്റ്റർ ചെയ്തത്. 2400 ലധികം വിദ്യാർത്ഥികളാണ് പരിപാടിയിൽ നേരിട്ട് പങ്കെടുത്തത്.