തെലുങ്കുദേശം പാര്‍ട്ടിയെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെതിരേ നരേന്ദ്രമോദി ആഞ്ഞടിച്ചത്

ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണെന്നും പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മോദി ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന്റെ യാത്രകള്‍ക്കും പരിപാടികള്‍ക്കും പൊതുജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത്. ബി.ജെ.പി. ഒരു പരിപാടി നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് പണം മുടക്കാറ്. എന്നാല്‍ ടി.ഡി.പി. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് അവരുടെ പ്രചരണപരിപാടികള്‍ നടത്തുന്നതെന്ന് മോദി പറഞ്ഞു

ആന്ധ്ര മുഖ്യമന്ത്രിയുടെ ഈ കൊള്ളയടി ജനങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്തുപോലും പ്രശസ്തി നഷ്ടമാവുകയാണെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ഭാര്യാപിതാവായ മഹാനായ എന്‍.ടി.ആറിനെ പോലും അദ്ദേഹം പിന്നില്‍നിന്ന് കുത്തിയെന്നും പ്രധാനമന്ത്രി ഗുണ്ടൂരില്‍ പറഞ്ഞു