Thursday, October 8, 2026

ചേർത്തുപിടിച്ച് മോദി; യുക്രൈനിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീനിന്റെ പിതാവുമായി സംസാരിച്ച്, ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദില്ലി : യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ കുടുംബവുമായി സംസാരിച്ച് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചത്.

ഇന്ന് രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം വൈകീട്ടോടെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വിവരം പുറത്തുവിടുകയായിരുന്നു.

നവീന്റെ മരണത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം ദു:ഖം രേഖപ്പെടുത്തി. കൂടാതെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നവീന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. നവീന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. പ്രധാനമന്ത്രിയോടും, വിദേശകാര്യമന്ത്രാലത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൊമ്മെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ച അടിയന്തിര യോഗം പുരോഗമിക്കുകയാണ്. ആറ് മണിയോടെയാണ് യോഗം ആരംഭിച്ചത്.

Related Articles

Latest Articles