Saturday, May 11, 2024
spot_img

73-ാം പിറന്നാൾ നിറവിൽ മോദി; ദേശീയ തലത്തിൽ തുടങ്ങി താഴേത്തട്ടിൽ വരെ ഇന്നു മുതൽ ഒക്ടോബർ 2 വരെ വിപുലമായ ആഘോഷങ്ങൾ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73–ാം ജന്മദിനം വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ തുടങ്ങി താഴേത്തട്ടിൽ വരെ ഇന്നു മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ തുടർപരിപാടികൾ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയ്ക്ക് മന്ത്രാലയങ്ങൾ ഊന്നൽ നൽകും. ശുചീകരണം, വൃക്ഷത്തൈ നടൽ, രക്തദാനം തുടങ്ങിയവയുമായി ബിജെപിയുടെ ഓരോ സംസ്ഥാന ഘടകങ്ങളും വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നമോ വികാസ് ഉത്സവ് ആയാണ് ത്രിപുര ബിജെപി ആഘോഷം സംഘടിപ്പിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥിനികൾക്കായി 30,000 ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണു ഗുജറാത്ത് ബിജെപിയുടെ തീരുമാനം. മോദിയുടെ രാഷ്ട്രീയ ജീവിതയാത്ര സംബന്ധിച്ച പ്രദർശന പരിപാടികൾ, ധനസഹായവിതരണം എന്നിവയും പലയിടത്തായി നടക്കുന്നു. നാളെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ, പുതിയ മന്ദിരത്തിൽ ദേശീയപതാക ഉയർത്തും. മോദിയുടെ ജന്മദിനത്തിൽ ഇതു നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ചു ഗുജറാത്തിൽ സൂറത്തിൽ അമൃതം എന്ന സർക്കാരിതര സംഘടന മുലപ്പാൽദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. 140 അമ്മമാരിൽ നിന്നു മുലപ്പാൽ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി.

73–ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സർക്കാരിന്റെ പിഎം വിശ്വകർമ കൗശൽ യോജന പദ്ധതി ഉദ്ഘാടനം ചെയ്യും. വിശ്വകർമ ദിനമാണെന്നതു പരിഗണിച്ചാണിത്. ചടങ്ങിൽ പങ്കെടുക്കാൻ കായംകുളം കൃഷ്ണപുരം സ്വദേശി ശ്യാമിനു ക്ഷണമുണ്ട്. പവിത്ര മോതിരത്തിന്റെ രൂപത്തിൽ മാലകൾ നിർമിക്കുന്നതിലെ മികവു പരിഗണിച്ചാണ് ക്ഷണം. ദില്ലി ദ്വാരകയിലെ പുതിയ കൺവൻഷൻ സെന്റർ ‘യശോഭൂമി’യും മോദി ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles