Wednesday, May 15, 2024
spot_img

അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ചുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തെ പോലീസുകാരൻ പരിഹസിച്ച സംഭവം ; ക്ഷമാപണവുമായി സിയാറ്റിൽ മേയർ ബ്രൂസ് ഹാരെൽ; സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മേയർ

ന്യൂയോര്‍ക്ക് : അമിത വേഗതയിൽ കുതിച്ചെത്തിയ അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ചുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിയുടെ മരണത്തിൽ , “അവൾക്ക് അത്ര വിലയേ ഉള്ളൂ…’ എന്ന ചിരിച്ചു കൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിൽ ക്ഷമാപണവുമായി സിയാറ്റിൽ മേയർ ബ്രൂസ് ഹാരെൽ. നടന്ന സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വീഴ്ച ഉണ്ടാകാൻ പാടില്ലായിരുന്നെന്നും മേയർ പറഞ്ഞു. ജാഹ്നവിയുടെ മരണത്തെ നിർവികാരമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥൻ പരാമർശിക്കുന്നതിന്‍റെയും ചിരിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. നേരത്തെ ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ വ്യക്തമാക്കിയിരുന്നു. കാറിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ അപകടസമയത്തെ ദൃശ്യങ്ങളാണ് വിവാദത്തിനിടയാക്കിയത്. പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഡാനിയേൽ പറയുന്നുണ്ട്. 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

ജാഹ്നവിയുടെ മരണത്തില്‍ പൊട്ടിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻെറ ദൃശ്യം ഇന്ത്യൻ വിദ്യാര്‍ഥികളെ പിടിച്ചുലച്ച സാഹചര്യത്തില്‍ മാനസികാഘാതം അതിജീവിക്കാനായി സര്‍വകലാശാല ഹെൽപ്പ് ലൈൻ നമ്പര്‍ തുടങ്ങിയിരുന്നു. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി കാമ്പസിൽ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുകയായിരുന്ന ജാഹ്നവി ആന്ധ്ര സ്വദേശിനിയാണ്.

2021ൽ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് അമേരിക്കയിലെത്തിയതാണ് ജാഹ്നവി. ഈ ഡിസംബറിൽ കോഴ്സ് കഴിയാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം. ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാഹ്നവി അപകടത്തിൽ മരിക്കുന്നത്. ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമാണിടിച്ചത്.

Related Articles

Latest Articles