ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കുന്നതിനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ (Modi thanks Slovak, Romanian PMs for help in evacuations) വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അയൽരാജ്യങ്ങളുടെ അതിർത്തികളിലൂടെയാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കെത്തിക്കുന്നത്. ഇപ്പോഴിതാ ഓപ്പറേഷൻ ഗംഗയ്ക്ക് സഹായം നൽകിയ റൊമാനിയയുടേയും സ്ലൊവാക്യയുടേയും പ്രധാനമന്ത്രിമാരെ വിളിച്ച് നന്ദി അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ലൊവാക്യയിലും റൊമാനിയയിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അദ്ദേഹം ഈ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി സംസാരിച്ചത്. യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ അതിർത്തികൾ വഴി ഈ രാജ്യങ്ങളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
സ്ലൊവാക്യയുടെ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സംസാരിച്ചത്. യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സ്ലൊവാക്യ നൽകുന്ന സഹായങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. യുക്രെയ്‌നിൽ നിന്ന് കൂടുതൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്ലൊവാക്യയുടെ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് സ്ലൊവാക്യയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി എത്തിയിരിക്കുന്നത്. അതോടൊപ്പം റൊമാനിയയുടെ പ്രധാനമന്ത്രി നിക്കോളാ ഇയോണൽ സിയൂക്കയുമായും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ പൗരന്മാരെ റൊമാനിയയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചതിനും ഇന്ത്യയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. ഈ വിവരവും ഇയോണൽ സിയൂക്കയെ അറിയിച്ചിട്ടുണ്ട്.

