Friday, May 17, 2024
spot_img

റഷ്യ-യുക്രെയ്ൻ യുദ്ധം: യുഎന്നിലെ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്

ദില്ലി: റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിൽ റഷ്യയ്‌ക്കെതിരെ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കേന്ദ്ര സ‌ർക്കാരിനെ വിമർശിച്ച ശശി തരൂർ എംപിയെ തള്ളി കോൺഗ്രസ്. ദേശീയ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നുള്ള എം പിയായ ശശി തരൂരും കേന്ദ്ര സ‌ർക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ തയ്യാറായതിനിടെയാണ് വിരുദ്ധമായ നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയത്(Congress Against Shashi Tharoor).

യുഎന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ ശശി തരൂർ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ‘വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് ശേഷം, പലരും ഇന്ത്യ ചരിത്രത്തിന്‍റെ തെറ്റായ ഭാഗത്ത് നിലകൊള്ളുന്നതായി പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.’- എന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വിദേശകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന വക്താവായ ആനന്ദ് ശര്‍മ്മ ശശി തരൂരിന്റെ ഈ നിലപാട് തള്ളി രംഗത്തുവരികയായിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ യുഎന്‍ പ്രമേയം സംബന്ധിച്ച് ശശി തരൂര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ പറഞ്ഞത്. ഇക്കാര്യത്തില്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും ശശി തരൂരിനെ താക്കീത് ചെയ്തുകൊണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു. റഷ്യയെയും അമേരിക്കയെയും വെറുപ്പിക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നയതന്ത്രത്തെ ഒട്ടേറെ വിദേശകാര്യവിദഗ്ധര്‍ അഭിനന്ദിച്ചിരുന്നു.

യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയതന്ത്രപരമായ നിലപാടെടുക്കുന്നതാണ് ശരിയെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതില്‍ മിന്‍സ്‌ക്, റഷ്യ-നാറ്റോ കരാറുകള്‍, നേരത്തെയുള്ള ധാരണകള്‍ എന്നിവയെ മാനിച്ചുകൊണ്ട് വേണം തീരുമാനമെടുക്കാന്‍ എന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

Related Articles

Latest Articles