Friday, May 10, 2024
spot_img

പ്രചാരണത്തിനായി നരേന്ദ്രമോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; പങ്കെടുത്തത് 50 ദിവസം 142 റാലികള്‍

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനത്ത ചൂടൊന്നും വകവയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍. 50 ദിവസം കൊണ്ടാണ് 142 റാലികളില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെയാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയതെന്നും ഷാ പറഞ്ഞു.

46 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ അവഗണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത സ്ഥലങ്ങള്‍ വിരളമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ അമേലിയില്‍ നിന്ന് കര്‍ണാടകയിലെ ചിക്കോടിയിലേക്കും കേരളത്തില്‍ തിരുവനന്തപുരത്തും മോദി പ്രചരണത്തിനായി എത്തിയിരുന്നു.

മാര്‍ച്ച് 28-ന് മീററ്റില്‍ നിന്നാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 142 പൊതു റാലികള്‍. നാല് റോഡ് ഷോകള്‍. ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങളെ മോദി നേരിട്ട് അഭിസംബോധന ചെയ്തുവെന്നും ഷാ പറഞ്ഞു. താന്‍ 312 ലോക്സഭാ മണ്ഡലങ്ങളിലായി 161 പൊതുറാലികളില്‍ പങ്കെടുത്തു.

കൊല്‍ക്കത്തയില്‍ ഏപ്രില്‍ മൂന്നിന് മോദി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതെന്നും ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേര്‍ അന്നു റാലിക്കെത്തിയെന്നും അമിത് ഷാ പറഞ്ഞു.

പ്രചാരണം മദ്ധ്യപ്രദേശിലെ ഖര്‍ഗോണില്‍ അവസാനിപ്പിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി എംപി മാരും എംഎല്‍എ മാരും ഉള്‍പ്പെടെ പതിനായിരത്തോളം മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മോദിക്കും ഷായ്ക്കു പുറമേ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ് (129 റാലികള്‍), നിതിന്‍ ഗഡ്കരി (56 റാലികള്‍), സുഷമാ സ്വരാജ് (23 റാലികള്‍) തുടങ്ങിയവരും സജീവമായിരുന്നു. വളരെ വിജയകരമായ പ്രചാരണമായിരുന്നു ബിജെപി യുടേതെന്നും ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തുമെന്നും അമിത്ഷാ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Latest Articles