Wednesday, May 29, 2024
spot_img

വാരണാസിയിൽ മോദി തരംഗം; യുപിയിലെത്തിയ പ്രധാനമന്ത്രിയുടെ ചുവടുവയ്പ്പുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രങ്ങളും വീഡിയോകളും വൈറൽ

ലക്‌നൗ: വാരണാസിയിലെ ജനമനസുകൾ കീഴടക്കിയും, ഹൃദയവായ്പുകൾ ഏറ്റുവാങ്ങിക്കൊണ്ടുമാണ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന് ഇന്നലെ സമാപനം കുറിച്ചത്. കാശിയിലുൾപ്പെടെ പ്രധാനമന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. വാരണാസിയിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ഓരോ നീക്കങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

യുപിയിലെത്തിയ പ്രധാനമന്ത്രിയുടെ പ്രധാന ചുവടുവയ്പ്പുകൾ ഇങ്ങനെയായിരുന്നു

  1. വാരാണസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം യാത്ര ചെയ്തത് കാലഭൈരവ ക്ഷേത്രത്തിലേക്കാണ്. അദ്ദേഹം കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തി, അവിടെ ഒരു ‘ആരതി’ നടത്തുകയും ചെയ്തു.
  2. പിന്നീട് വാരണാസിയിലെ ലളിതാ ഘട്ടിൽ ഗംഗയിൽ സ്നാനം ചെയ്തും തൊഴിലാളികൾക്ക് നേരെ പുഷ്പവൃഷ്ടി നടത്തിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി അവരിലൊരാളായി മാറി. ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാരാണാസിയിലെ പരിപാടികൾ ആരംഭിച്ചത്.
  3. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ നാഗരികതയിൽ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന പുണ്യനദിക്ക് പ്രധാനമന്ത്രി പ്രണാമം അർപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
  4. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. ഉത്തർപ്രദേശിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. നേരത്തെ 3000 ചതുരശ്ര അടി ഉണ്ടായിരുന്ന ഇടനാഴി അഞ്ച് ലക്ഷം ചതുരശ്ര അടിയായി വിപുലീകരിച്ചു.
  5. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയിൽ ജോലി ചെയ്തിരുന്ന നിർമ്മാണ തൊഴിലാളികൾക്കൊപ്പമിരുന്ന് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നാലെ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന നിർമാണത്തൊഴിലാളികൾക്ക് നേരെയും അദ്ദേഹം പുഷ്പവൃഷ്ടി നടത്തി.
  6. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാരണാസിയിലെ രവിദാസ് ഘാട്ടും സന്ദർശിച്ചു. അവിടെ രണ്ട് നേതാക്കളും വാരണാസിയിലെ ഘാട്ടുകളിൽ ആഹ്ളാദിക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിച്ചു.
  7. പിന്നീട്, വാരണാസിയിലെ ദശാശ്വമേധ് ഘട്ടിൽ പ്രധാനമന്ത്രി ‘ഗംഗാ ആരതി’ക്ക് സാക്ഷ്യം വഹിച്ചു. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
  8. ഔദ്യോഗിക പരിപാടികൾക്ക് ശേഷം തിങ്കളാഴ്ച്ച രാത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് കാശിയുടെ തെരുവിൽ നടക്കാനിറങ്ങിയ പ്രധാനമന്ത്രി പ്രദേശത്തെ വികസന പദ്ധതികളും നേരിട്ടെത്തി വിലയിരുത്തി. ബനാറസ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടക്കുന്ന വികസനങ്ങൾ പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തി. പുലർച്ചെ 1.13-നാണ് നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകളിൽ നടന്ന് യാത്രക്കാർക്കായി വികസിപ്പിച്ച സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞത്.
  9. ഇന്നലെ , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം യോഗം ചേർന്നു. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 12 മുഖ്യമന്ത്രിമാരും ഒമ്പത് ഉപമുഖ്യമന്ത്രിമാരും കോൺക്ലേവിൽ പങ്കെടുത്തു.
  10. സദ്ഗുരു സദാഫൽദിയോ വിഹാംഗം യോഗ് സൻസ്ഥാന്റെ 98-ാം വാർഷിക ആഘോഷങ്ങൾ ആഘോഷിക്കാൻ സ്വവർവേദ് മഹാമന്ദിറിൽ നടന്ന ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് സന്യാസിമാരുടെ സംഭാവനകൾ വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് മോദി പറഞ്ഞു.
  11. ശേഷം പ്രധാനമന്ത്രി കാശിയിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്തു. 2014-15നെ അപേക്ഷിച്ച് 2019-20ൽ വാരാണസിയിലേയ്‌ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായെന്ന് അദ്ദേഹം വാരണാസിയിലെ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞു കൊണ്ട് ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് വിമാനം കയറി.

Related Articles

Latest Articles