Tuesday, May 21, 2024
spot_img

കേരളത്തിന്റെ പരമ്പരാഗത തൊഴിൽ മേഖലക്ക് മോദിയുടെ ആദരവ് !

രാജ്യം നാളെ 77 മത് സ്വാതന്ത്യദിനം ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. അതേസമയം, ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം ലഭിച്ചവരിൽ, കേരളത്തിലെ ഒരു മരപ്പണിക്കാരനും കുടുംബവുണ്ട്. ഇടുക്കി ബൈസൻ വാലി സ്വദേശി പുഷ്പാംഗതനും ഭാര്യ അംബികയ്‌ക്കുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പ്രത്യേക ക്ഷണിതാവായി ഇടുക്കിയിൽ നിന്നുള്ള ഈ മരപ്പണിക്കാരനും കുടുംബവും ഉണ്ടാകും.

ചെറുകിട സൂക്ഷ്മ സംരംഭത്തിൽ ഏർപ്പെടുന്നയാൾ എന്ന നിലയിലും, പി എം വിശ്വകർമ്മ പദ്ധതിയുടെ ഗുണഭോക്താവ് എന്ന നിലയിലും വ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം പുഷ്പാംഗതനും ഭാര്യ അംബികയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുന്നത്. കഴിഞ്ഞ 35 വർഷക്കാലമായി പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്ധ്യം തെളിയിച്ച പുഷ്പാംഗതൻ ഇതിനോടകം കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളും വീടുകളും നിർമിച്ചിട്ടുണ്ട്. അതേസമയം, തൊഴിൽ മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാലിച്ച നിർമ്മിതികളാണ് പുഷ്പാംഗതന്റേത്. പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ച ക്ഷണം പുണ്യമായി കാണുന്നുവെന്നാണ് പുഷ്പാംഗതൻ പറയുന്നത്. കൂടാതെ, ഫർണിച്ചർ നിർമാണത്തിലും കഴിവ് തെളിയിച്ച ആളാണ് ഈ തൊഴിലാളി. തനിക്ക് ലഭിച്ച ക്ഷണം മരപ്പണിക്കാരായ എല്ലാവർക്കും ലഭിച്ച ഒരു അംഗീകാരമായി കാണുന്നുവെന്നും പുഷ്പാംഗതൻ പറയുന്നു.

അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ അതീവ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവയും ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രതയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ്19 നിയന്ത്രണങ്ങളൊന്നുമില്ലാതെ ഈ വർഷം സ്വാതന്ത്ര്യദിനം പൂർണ്ണ ആവേശത്തോടെ ആഘോഷിക്കുമെന്നും അതിനായി ശക്തവും ആവശ്യമായതുമായ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ഏജൻസികളുമായി തത്സമയ വിവരങ്ങൾ ഏകോപിപ്പിക്കുകയും പങ്കിടുകയും ചെയ്യുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ഡിപേന്ദ്ര പഥക് വ്യക്തമാക്കി.

Related Articles

Latest Articles