Friday, May 10, 2024
spot_img

എക്‌സാലോജിക് എന്ന കമ്പനി ഒരു മിത്താണ്; എക്‌സാ ലോജിക്കിന് പണിയില്ലെങ്കിലും മണി ഒരു ഫാക്ടറാണ്; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഉയർന്ന ആരോപണങ്ങളിൽ സിപിഎം നേതാക്കളുടെ ന്യായീകരണ വാദങ്ങളെ പരിഹസിക്കുന്ന ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദങ്ങളെയും സിപിഎം നേതാക്കളുടെ ന്യായീകരണ വാദങ്ങളെയും പരിഹസിച്ച് ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പണിയറിയാത്ത കമ്പനിക്ക് പണിയറിയാവുന്ന കമ്പനി പണി കിട്ടാനോ പണി കിട്ടാതിരിക്കാനോ ചെയ്യാത്ത പണിക്ക് പണം കൊടുത്തുവെന്ന് അദ്ദേഹം പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്. വിവാദം കർത്താവിനെ മാത്രമല്ല ഭർത്താവിനെയും കുടുക്കുന്നു കാരണം കർത്താവ് കൊടുത്തത് ഭർത്താവ് രേഖകളിൽ കാണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ സൂചിപ്പിച്ച് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാസപ്പടി വിവാദം കേരളത്തിൽ ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിലാണ് “കരിമണലും, കരി നിഴലും” എന്ന തലക്കെട്ടിലുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം;

“കരിമണലും, കരി നിഴലും”
—————————————

“കർത്താവ് ഏൽപ്പിച്ച കർമ്മം, ക്രിയ കൊണ്ട് വിക്രിയമാക്കിയെങ്കിലും അർത്ഥം ലഭിച്ചു”

ഇന്നലെ ചാനൽ ചർച്ചകളിൽ നിന്ന് മനസ്സിലായ ഒരു കാര്യം, സിപിഎം പ്രതിനിധികൾ പോലും ഒരേ സ്വരത്തിൽ, സംശയലേശമന്യേ പറയുന്നു;

“എക്‌സാലോജിക്കിന് പണിയറിയില്ല”

സ്പീക്കറുടെ ഭാഷയിൽ,
എക്‌സാലോജിക് എന്ന കമ്പനി ഒരു മിത്താണ്
എക്‌സാലോജിക്കിന് പണിയില്ലെങ്കിലും മണി എന്നത് ഒരു ഫാക്ടാണ്…

അവിടെയാണ് കാതലായ പ്രശ്നം;

പണിയറിയാത്ത കമ്പനിക്ക്
പണിയറിയാവുന്ന കമ്പനി
പണി കിട്ടാനോ
പണി കിട്ടാതിരിക്കാനോ
ചെയ്യാത്ത പണിക്ക് പണം കൊടുക്കുന്നു

പണം കൊടുത്ത കമ്പനി മുട്ടൻ പണി വാങ്ങുന്നു
പണം വാങ്ങിയ കമ്പനി മുട്ടൻ മൗനം
പണം കൊടുത്തതിനെയും, വാങ്ങിയതിനെയും മുട്ടൻ പാർട്ടിയും, മുട്ടൻ നേതാക്കളും ന്യായീകരിക്കുന്നു

അതായത്,

കർത്തരി പ്രയോഗത്തിൽ കർത്താവ് ആഖ്യയായും
കർമ്മണി പ്രയോഗത്തിൽ കർത്താവ് ഉപാധിയായും പെരുമാറിയതിന്റെ പശ്ചാത്തലത്തിൽ, ക്രിയയുടെ ഫലം കർമ്മത്തിൽ ആശ്രയിച്ചിരിക്കുന്നു.

ഇവിടെ എക്സ്ട്രാ ലോജിക്കൊന്നും ആവശ്യമില്ല.
ലോജിക്കില്ലാതെ “എക്‌സാലോജിക്കിനെ” ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ പറഞ്ഞു കൂട്ടുന്ന വിക്രിയകൾ, കർത്താവിനെ മാത്രമല്ല ഭർത്താവിനെയും കുരുക്കുന്ന കർമ്മത്തിലേക്കാണ് നീങ്ങുന്നത്. കാരണം കർത്താവ് കൊടുത്തത്, ഭർത്താവ് രേഖകളിൽ പറഞ്ഞിട്ടില്ല. പരസ്പര പൂരകമല്ലാത്തതിനാൽ ഭാരതത്തിലെ ആദായ നികുതി ഉദ്യോഗസ്ഥർക്ക് ഉത്തമമായ ഈ കരിമണൽ കാവ്യം വായിച്ചപ്പോൾ അവാച്യമായ ഒരാനന്ദവും അനുഭവപ്പെട്ടില്ല. മാത്രമല്ല, വർണ്യത്തെ അവർണ്യമായി സംശയിച്ച് ഉൽപ്രേക്ഷ അലങ്കാരമാണെന്ന് വിധിയെഴുതുകയും ചെയ്തു…

ലക്ഷണം:

“മറ്റൊന്നിന്‍ ഭരണ യോഗത്താൽ
അതു താനല്ലയോ ഇത്
എന്നു ആദായ നികുതിക്കാശങ്ക
മാസപ്പടിയാലംകൃതി…”

Related Articles

Latest Articles