വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ വിനയനും നടൻ മോഹന്‍ലാലും ഒന്നിക്കുന്നു. വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ തുടങ്ങുന്ന തന്‍റെ പുതിയ ചിത്രം ഷൂട്ടിങ് കഴിഞ്ഞാല്‍ മോഹന്‍ലാലുമായുള്ള ചിത്രത്തിന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവിക്കുന്നത് വലിയ ക്യാന്‍വാസിലുള്ള ചിത്രമെന്ന് വിനയന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാലിനെ വച്ച് വിനയൻ സൂപ്പർസ്റ്റാർ എന്ന ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മോഹൻലാലിനെ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് വിനയനുനേരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇതുവരെ ഇരുവരും ഒന്നിച്ചതുമില്ല.

ഇതിനു മുൻപും നിരവധി തവണ മോഹൻലാൽ- വിനയൻ കൂട്ട്കെട്ടിൽ വരുന്ന ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രശ്നങ്ങളും സിനിമ നീട്ടി കൊണ്ടു പോകുകയായിരുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച്‌ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്‍െറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.