ഹൂസ്റ്റൺ : തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും പ്രമുഖ മലയാളി അമേരിക്കൻ നേതാവുമായ കെ.പി. ജോർജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള രണ്ട് കുറ്റങ്ങളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോടതി വിധി പുറപ്പെടുവിച്ചു. വിധി വന്നതിന് പിന്നാലെ അദ്ദേഹത്തെ കോടതിമുറിയിൽ നിന്ന് വിലങ്ങുവെച്ച് പുറത്തേക്ക് കൊണ്ടുപോയി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ച 46,000 ഡോളറിലധികം (ഏകദേശം 38 ലക്ഷം രൂപ) തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി സ്വന്തം വീടിന്റെ പണമടയ്ക്കാനും മറ്റും ഉപയോഗിച്ചു എന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട രേഖകളിൽ തിരിമറി നടത്തിയതായും തെളിവുകൾ നിരത്തി പ്രോസിക്യൂട്ടർമാർ വാദിച്ചു. എന്നാൽ, ഈ തുക തന്റെ പ്രചാരണത്തിനായി താൻ നേരത്തെ നൽകിയ വായ്പയുടെ തിരിച്ചടവാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കെ.പി. ജോർജിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. എങ്കിലും കോടതി ഈ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു.
കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ പിന്നീട് 20,000 ഡോളറിന്റെ ബോണ്ടിൽ വിട്ടയച്ചു. ടെക്സസ് നിയമപ്രകാരം ശിക്ഷാവിധി ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന ജൂൺ 16-ന് ശേഷം മാത്രമേ അദ്ദേഹത്തിന് ഔദ്യോഗിക പദവി ഒഴിയേണ്ടി വരികയുള്ളൂ. മൂന്നാം ഡിഗ്രി ഫെലണി വിഭാഗത്തിൽ വരുന്ന കുറ്റമായതിനാൽ രണ്ട് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജ് 2018-ലാണ് അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി ചരിത്രവിജയം നേടിയത്.

