Sunday, June 9, 2024
spot_img

മണി ഹീസ്റ്റ് 2023: ജെസിബി ഉപയോഗിച്ച്‌ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണം

മഹാരാഷ്ട്ര: മോഷണം നടത്താൻ വേണ്ടി വ്യത്യസ്തമായ വഴികൾ തിരഞ്ഞെടുക്കുന്നവരെ കണ്ടിട്ടുള്ളതാണ്. എന്നാൽ, മഹാരാഷ്ട്രയിലെ ഒരു മോഷ്ടാവ് കണ്ടെത്തിക്കോയ് വഴി മോഷണം നടത്താന്‍ വേണ്ടി എടിഎം കൗണ്ടര്‍ ജെസിബി ഉപയോഗിച്ച്‌ തകർക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് അസാധാരണ മോഷണം നടന്നത്.

സാംഗ്ലിയിലെ മിറാജ് ഏരിയയിലെ ആക്സിസ് ബാങ്കിന്റെ എടിഎം മെഷ്യന്‍ അടക്കമാണ് മോഷണം പോയത്. എടിഎം മെഷീനില്‍ 27 ലക്ഷം രൂപയുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് സംഭവം നടന്നത്.

സമീപത്തുളള പെട്രോള്‍ പമ്പില്‍ നിന്നും മോഷ്ടിച്ച ജെസിബി ഉപയോഗിച്ചാണ് കളളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ‘പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ജെസിബി മോഷ്ടിക്കപ്പെട്ടു, തുടര്‍ന്ന് ഈ ജെസിബി ഉപയോഗിച്ച്‌ എടിഎം മെഷ്യന്‍ മോഷ്ടിച്ചു. മോഷ്ടിച്ച ജെസിബിയും എടിഎം മെഷ്യനും കണ്ടെത്തി. എടിഎം മെഷീനില്‍ 27 ലക്ഷം രൂപയുണ്ടായിരുന്നു,’എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, മോഷ്ടാക്കളില്‍ ഒരാള്‍ ആദ്യം എടിഎമ്മില്‍ കയറി വാതില്‍ തുറന്നതിന് ശേഷം പുറത്തേക്ക് പോകുന്നത് കാണാം. ഇതിന് പിന്നാലെ ജെസിബി ഉപയോഗിച്ച്‌ എടിഎമ്മിന്റെ വാതില് തകര്‍ക്കുകയും ശേഷം ജെസിബിയുടെ സഹായത്തോടെ എടിഎം മെഷ്യന്‍ മോഷ്ടിക്കുന്നതും കാണാം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാക്കളെ പുകഴ്ത്തിയും കുറ്റപ്പെടുത്തിയുമൊക്കെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും മൂലം ഭാവിയില്‍ ഇത്തരം മോഷണ ശ്രമങ്ങള്‍ വര്‍ധിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലൊന്ന്. ‘മണി ഹീസ്റ്റ് 2023’ ലെ സീസണ്‍ ആണോയിതെന്നുവരെ കമന്റുകള്‍ വന്നിട്ടുണ്ട്.

Related Articles

Latest Articles