കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വീണ്ടും കുരങ്ങുപനി. തിരുനെല്ലി പഞ്ചായത്തിലെ ഇരുപത്തിനാല് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വയനാട്ടിലെ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു.
യുവാവ് വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്. കഴിഞ്ഞ ദിവസം യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി എച്ച് സി യില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
തുടര്‍ന്ന് ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ തുടർന്ന് പരിശോധിച്ചു. അതിൽ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

