ദില്ലി : ഭാരതത്തിൽ ജൂൺ ആദ്യവാരത്തോടെ സജീവമായി മുന്നേറിയ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പെട്ടെന്ന് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) ഉപഗ്രഹചിത്രങ്ങളിൽ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷ മേഘങ്ങളുടെ സാന്നിധ്യം കാണാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ രാജ്യത്ത് ലഭിക്കേണ്ട സാധാരണ മഴയേക്കാൾ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്ത് ലഭിക്കേണ്ട 53.7 മില്ലീമീറ്റർ മഴയ്ക്ക് പകരം വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ വ്യക്തമാക്കുന്നു. മൺസൂൺ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഭൂമിശാസ്ത്രപരമായി വ്യാപിച്ചെങ്കിലും മഴ പെയ്യാത്തത് കാർഷിക മേഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഉപഗ്രഹചിത്രങ്ങൾ പരിശോധിക്കുമ്പോൾ മൺസൂൺ കാലത്ത് സാധാരണയായി കാണാറുള്ള കനത്ത മേഘാവൃതമായ അന്തരീക്ഷം ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാണാനില്ല. മറിച്ച് ഈ പ്രദേശങ്ങൾ പൂർണ്ണമായും മേഘരഹിതമാണ്. നിലവിൽ ഹിമാലയൻ മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് മേഘങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. കാലവർഷത്തിന്റെ പ്രധാന സ്രോതസ്സായ അറബിക്കടൽ ശാഖ തീർത്തും ദുർബലവും ചിതറിയതുമായ അവസ്ഥയിലാണ്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കാലവർഷം മുന്നേറിയെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ഈർപ്പത്തിന്റെ കുറവല്ല ഈ പ്രതിസന്ധിക്ക് കാരണം, മറിച്ച് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുണ്ടായ വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷത്തിന്റെ മുകളിലെ പാളിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന ‘വെസ്റ്റേൺ ജെറ്റ് സ്ട്രീം’ (Westerly Jet Stream) സാധാരണ സ്ഥാനത്തുനിന്നും വളരെ തെക്കോട്ട് മാറി സഞ്ചരിക്കുന്നതാണ് ഇപ്പോഴത്തെ വില്ലൻ. ഇത് കാലവർഷത്തിന് അനുകൂലമായ ‘ഈസ്റ്റർലി ജെറ്റ് സ്ട്രീമിനെ’ തടസ്സപ്പെടുത്തുകയും മേഘരൂപീകരണത്തെയും ഇടിമിന്നലുകളെയും പൂർണ്ണമായും അടിച്ചമർത്തുകയും ചെയ്യുന്നു. കടലിൽ ആവശ്യത്തിന് ഈർപ്പമുണ്ടെങ്കിലും അന്തരീക്ഷ വ്യതിയാനം കാരണം മഴമേഘങ്ങൾ രൂപപ്പെടുന്നില്ല. വരും ദിവസങ്ങളിൽ ഈ അന്തരീക്ഷ പ്രതിഭാസം ദുർബലമാകുന്നതോടെ ജൂൺ അവസാനവാരത്തോടെ കാലവർഷം വീണ്ടും സജീവമാകുമെന്നാണ് സൂചന.

