Wednesday, May 1, 2024
spot_img

കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ കൂടുതൽ വിമാന സർവീസ്, മക്ക, മദീന തീർത്ഥാടകർക്ക് സഹായകമാകും

ന്യൂഡൽഹി: ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് ബിൻ ഫസ്വാൻ റബിയ അറിയിച്ചു. ഇന്ത്യയിലെത്തിയ സൗദി മന്ത്രിയും ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി. മുരളീധരനും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി നൽകുന്ന പിന്തുണയ്ക്ക് സ്മൃതി ഇറാനി നന്ദി പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്നും ഹജ്ജ് മന്ത്രി അറിയിച്ചു. ഉംറ തീർത്ഥാടകരുടെ സുഗമമായ യാത്രക്കായി ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങും. നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക സന്ദർശനത്തിനായാണ് സൗദി ഹജ്ജ് മന്ത്രി ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനുള്ള ചർച്ചകളും നടത്തും. മക്കയിലേയ്ക്കും മദീനയിലേയ്ക്കും യാത്ര ചെയ്യുന്നവർക്കുള്ള വിസ നടപടിക്രമങ്ങൾ അടക്കം സുഗമമാക്കാനും മെച്ചപ്പെടുത്താനും മന്ത്രിയുടെ സന്ദർശനം സഹായകമാകും.

Related Articles

Latest Articles