Tuesday, January 6, 2026

ഇടപാടുകളെല്ലാം നേരിട്ട് മാത്രം;കൈക്കൂലിയായി പണം മാത്രമല്ല പുഴുങ്ങിയ മുട്ടയും, തേനും കുടുംപുളി പോലുള്ള കാർഷിക വിളകളും, ഫാന്‍ പോലുമില്ലാത്ത മുറിയില്‍ താമസം പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്: കൈക്കൂലി കേസിൽപ്രതി സുരേഷ് കുമാറിന്റേത് വിചിത്ര ജീവിത രീതിയെന്ന് വിജിലൻസ്. കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങുമെങ്കിലും പ്രതിമാസം 2,500 രൂപ മാത്രം വാടകയുള്ള ഒറ്റമുറി വീട്ടിലായിരുന്നു സുരേഷ് കുമാറിന്റെ താമസം. മണ്ണാര്‍ക്കാട് വില്ലേജ് ഓഫീസിന് അടുത്തുള്ള ലോഡ്ജ്മുറിയിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി താമസിച്ചിരുന്നത്. സമീപത്തെ ചെറിയ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. അതീവ ജാഗ്രതയോടെയാണ് സുരേഷ് കുമാർ നീങ്ങിയിരുന്നത്. നേരിട്ട് മാത്രമേ സുരേഷ് സാധാരണക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുള്ളു.

ഫോണിലൂടെ സംസാരിക്കുമ്പോൾ നേരിട്ട് വരാൻ ആവശ്യപ്പെടും. തരേണ്ട പണത്തെ കുറിച്ച പറയുകയും നേരിട്ട്തന്നെയായിരുന്നു. കൃത്യസമയത്ത് ഓഫീസിലെത്തും. ജോലി കഴിഞ്ഞാല്‍ നേരെ മുറിയിലെത്തും. പുറത്ത് കാര്യമായി ഇറങ്ങാറില്ല. ആരുമായും ഇയാള്‍ ബന്ധങ്ങളുമില്ല. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിന് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും അതിനു ശ്രമിച്ചിരുന്നില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് കുമാർ നടത്തിയത് കോടികളുടെ അനധികൃത സ്വത്ത് സമ്പാദനമാണെന്ന് അന്വേഷണങ്ങളിലൂടെ വ്യക്തമായി.സുരേഷിന്റെ മുറിയില്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 35 ലക്ഷം രൂപയുടെ കറന്‍സിയും 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ടിന്റെയും രേഖകളും കണ്ടെടുത്തു.

അഞ്ചുരൂപയുടേയും പത്തുരൂപയുടേയും 17 കിലോ നാണയങ്ങളും കണ്ടെടുത്തിരുന്നു. 9000 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേനും കുടംപുളിയും നാണയ തുട്ടുകളുമടക്കം പ്രതി കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. നാട്ടുകാരുടെ മാസങ്ങളായുള്ള പരാതി അവഗണിച്ചാണ് പ്രതി വില്ലേജ് അസിസ്റ്റന്റായി തുടർന്നിരുന്നത്. വിജിലൻസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംസ്ഥാന വിജിലൻസ് റെയ്ഡുകളുടെ ചരിത്രത്തിലെ തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദ്യം പിടികൂടുന്നത്.

പ്രളയബാധിതര്‍ക്ക് എത്തിക്കാന്‍ സുമനസ്സുകള്‍ നല്‍കിയ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, പുതപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവ സുരേഷ് കുമാര്‍ അടിച്ചു മാറ്റി മുറിയില്‍ സൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട് നടന്ന സംസ്ഥാന സർക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. ആകെ ഒരു കോടി രൂപയ്ക്ക് മുകളിൽ പ്രതി അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ.വിഷയത്തിൽ റെവന്യു സെക്രട്ടറിക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് കൈമാറി.

Related Articles

Latest Articles