Sunday, April 28, 2024
spot_img

കോൺഗ്രസിന് ചരിത്രത്തിന്റെ ഭാഗമായ ചെങ്കോലിനോട് അവജ്ഞ; നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവടിയെന്ന് വിളിച്ചു; പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ട അദ്ധ്യായത്തെ ആനന്ദഭവനിൽ ഒതുക്കിയത് കോൺഗ്രെസ്സെന്ന് ബിജെപി

ദില്ലി: കോൺഗ്രസിന് ചരിത്രത്തിന്റെ ഭാഗമായ ചെങ്കോലിനോട് അവജ്ഞയെന്നും നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവാദിയെന്ന് വിശേഷിപ്പിച്ച് ആനന്ദഭവനിൽ ഒതുക്കിയെന്നും ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ. സ്വാതന്ത്ര്യ ദിനത്തലേന്ന് നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പവിത്രമായ അടയാളമെന്ന നിലയിൽ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അതിന്റേതായ പ്രാധാന്യം നൽകാതെ കോൺഗ്രസ് ചെങ്കോലിനെ ആനന്ദഭവനിൽ കൊണ്ടു തള്ളി. നെഹ്‌റുവിന് സമ്മാനം കിട്ടിയ സ്വർണ്ണവടിയെന്നു വിളിച്ചു. ഇത് ഹിന്ദു സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവഹേളനമാണെന്നും മാളവ്യ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ സ്പീക്കറുടെ ചേമ്പറിൽ ജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രതിഷ്ഠിക്കുമെന്നും വിശേഷ അവസരങ്ങളിൽ അത് പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിര ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച ശേഷം നടന്ന അധികാര കൈമാറ്റ വേളയിൽ പ്രഥമപ്രധാനമന്ത്രി ഏറ്റുവാങ്ങിയ, സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോൽ’ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനവും ആഹ്ലാദവും നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ഫേസ്ബുക്കില്‍ കുറിച്ചു. ചോളരാജാക്കൻമാരുടെ കാലത്ത് ധർമത്തിലധിഷ്ഠിതവും നീതിപൂർണവുമായ ഭരണത്തിൻ്റെ പ്രതീകമായിരുന്നു ചെങ്കോൽ. ധർമ ഭരണത്തിൻ്റെ അടയാളമായ ചെങ്കോൽ സ്ഥാപനം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തോടും സമ്പന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവിനെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തിൽ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോൽ മുദ്രയ്ക്ക് കീഴിൽ, മോദിയുടെ നേതൃത്വത്തിൽ കൂടുതൽ അഭിവൃദ്ധിയിലേക്ക്, ആത്മനിർഭരതയിലേക്ക് നമുക്ക് കൈകോർത്ത് നീങ്ങാമെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

Related Articles

Latest Articles