Wednesday, May 15, 2024
spot_img

ലൈഫ് മിഷന്‍ കോഴക്കേസില്‍ കൂടുതൽ പ്രതികളോ ?വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്ന് സ്വപ്ന സുരേഷ് !

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ വന്‍സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്ന പ്രതികരണവുമായി പ്രതി സ്വപ്ന സുരേഷ് . അധിക കുറ്റപത്രം വരുമ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാമെന്നും കേസുമായി സഹകരിക്കുന്നതിനാലാണ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും സ്വപ്ന വ്യക്തമാക്കി. കേസില്‍ കലൂരിലെ പിഎംഎല്‍എ കോടതി സ്വപ്നയ്ക്കും സരിത്തിനും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ സ്വപ്ന ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കലൂരിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരായ ശേഷമായിരുന്നു മാദ്ധ്യമങ്ങളോടുള്ള സ്വപ്നയുടെ പ്രതികരണം.

സമൻസ് അനുസരിച്ചാണ് സ്വപ്ന കോടതില്‍ ഹാജരായത്. വാദത്തിനിടെ സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം അനുവദിച്ചാൽ പ്രതികൾ സമാനകുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ റിമാൻഡിൽ തുടരാൻ കോടതി നിർദ്ദേശിച്ചു. റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെയാണ് കോടതി നീട്ടിയത്. ഫെബ്രുവരി 14 നാണ് കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Related Articles

Latest Articles