Tuesday, May 21, 2024
spot_img

‘അഖിയേട്ട’ന്റെ വലയിൽ കൂടുതൽ ഇരകളോ ?അഖിലിന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കുന്നു

കാലടി : പണയം വയ്ക്കാൻ നൽകിയ സ്വർണ്ണം തിരികെ ചോദിച്ചതിനെത്തുടർന്ന് അങ്കമാലിയിലെ സ്വകാര്യ മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരി ആതിരയെ സഹപ്രവർത്തകൻകൂടിയായ അഖിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എറണാകുളം റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് പെരുമ്പാവൂർ ‍കോടതിയെ സമീപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ അഖിലിനെ ആലുവ സബ് ജയിലിൽ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരിക്കുകയാണ്.

ആതിരയെ അഖിൽ കാറിൽ കയറ്റിക്കൊണ്ട് പോയ വല്ലം മുതൽ കൃത്യം നിർവഹിച്ച തുമ്പൂർമുഴി വനം വരെ പൊലീസ് പരിശോധന നടത്തും. അഖിൽ ഇൻസ്റ്റാഗ്രാമിൽ റീലുകൾ പങ്കുവച്ചിരുന്ന ‘അഖിയേട്ടൻ’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പരിശോധിക്കുമെന്നും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പതിനായിരത്തിലേറെപേരാണ് അഖിലിനെ പിന്തുടരുന്നത്. ഇവരിൽ കൂടുതലും സ്ത്രീകളും പെൺകുട്ടികളുമാണ് . ആതിരയിൽനിന്നു സ്വർണം കൈപ്പറ്റിയതു പോലെ സമൂഹ മാദ്ധ്യമങ്ങളിലെ ബന്ധം വഴി മറ്റുള്ളവരിൽനിന്നു അഖിൽ പണവും സ്വർണവും വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

ഒരു സ്ത്രീയിൽനിന്ന് ഒന്നര ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട് . ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കും.കൊലയ്ക്ക് ശേഷം ആതിരയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണമാല ഊരിയെടുത്ത് അഖിൽ അങ്കമാലിയിലെ ജ്വല്ലറിയിൽ പണയംവച്ചു എന്നു കണ്ടെത്തി. പിറ്റേ ദിവസം കടയിൽ പതിവു ജോലിക്കു വന്ന അഖിൽ 3 ദിവസം കഴിഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ റീൽസ് പങ്കുവയ്ക്കുകയും ചെയ്യുകയും ചെയ്തു.

ആതിരയെ പെരുമ്പാവൂരിനടുത്തു വല്ലത്തുനിന്നു കാറിൽ കയറ്റി അതിരപ്പിള്ളിയിലേക്കു കൊണ്ടു പോകുന്ന വഴി അങ്കമാലിയിൽ ഇരുവരും ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ അഖിൽ മാത്രം കയറിയത് താൻ സ്ഥലത്തുണ്ടെന്ന് അറിയിച്ച് വ്യാജ തെളിവ് ഉണ്ടാക്കാനായിരുന്നു. ഈ സമയം ആതിരയെ കാറിൽ ആരും കാണാത്ത രീതിയിൽ ഇരുത്തി.

അതേസമയം പലപ്പോഴായി അഖിലിനു കൊടുത്ത 10 പവനോളം സ്വർണം തിരികെ ചോദിച്ചതു കൊണ്ടാണ് ആതിരയെ കൊന്നതെന്ന അഖിലിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

Related Articles

Latest Articles