Monday, May 20, 2024
spot_img

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ പൊറുതി മുട്ടി ചൈനയിലെ ജനങ്ങൾ; ദരിദർക്ക് വിലക്ക് കൽപ്പിച്ച് ചൈനീസ് നഗരങ്ങൾ ; ദാരിദ്ര്യം നീക്കം ചെയ്‌തെന്ന ഭരണകൂടത്തിന്റെ വാദങ്ങൾ പച്ചക്കള്ളം !

ബെയ്ജിങ് : രാജ്യത്തെ ദാരിദ്ര്യത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ മറച്ചു വയ്ക്കുവാൻ ചൈനീസ് ഭരണകൂടം സെൻസർഷിപ്പും സംഘടിതമായ ആശയപ്രചാരണവും നടത്തുന്നതിനിടയിൽ അമേരിക്കൻ മാദ്ധ്യമമായ ‘ദ് ന്യൂയോർക്ക് ടൈംസ്’ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടു. ചൈനയുടെ നീക്കങ്ങളെത്തുടർന്ന് രാജ്യത്തെ ജനങ്ങൾക്ക് പോലും തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യത്തെപ്പറ്റി ധാരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ വാർത്താ മാധ്യമമായ ക്യുക്യു ഡോട്ട് കോമിൽ ദാരിദ്യം അഥവാ പിൻകുൻ എന്ന ചൈനീസ് വാക്ക് നൽകിയാൽ യുഎസിലെ ദാരിദ്ര്യം മൂലമുള്ള മരണത്തെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം വരിക.

അടുത്തിടെ ചൈനയിൽനിന്നുള്ള വൃദ്ധയായ സ്ത്രീയുടെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അവർക്ക് പെൻഷൻ ആയി ലഭിക്കുന്ന 1,182 ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുക ഉപയോഗിച്ച് എന്തുമാത്രം പലവ്യഞ്ജനം വാങ്ങാനാകുമെന്നതായിരുന്നു വിഡിയോയുടെ ഉള്ളടക്കം. അരി മാത്രമേ വാങ്ങാനാകൂയെന്നും ഇറച്ചി കഴിച്ചിട്ട് വളരെ നാളുകളായെന്നും ഇവർ വിഡിയോയിൽ പറയുകയും ചെയ്തു. വീഡിയോ പ്രതിഷേധങ്ങൾക്ക് ഇടയാക്കുമെന്ന് ഭയന്ന് ചൈനീസ് അധികൃതർ ഡിലീറ്റ് ചെയ്തു. ഇവരുടെ അഭിമുഖമെടുത്ത ഹു ചെൻഫെങ്ങിന്റെ അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തു.

2021ൽ ദാരിദ്ര്യത്തിനെതിരെ വിജയിച്ചുവെന്ന് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ചിരുന്നു . എന്നാൽ ചൈനയുടെ അവകാശവാദങ്ങൾ പലതും പൊള്ളയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി പുറത്തു വരുന്നത്. ഇപ്പോഴും പലയാളുകളും ദാരിദ്യരേഖയ്ക്കു താഴെയും രേഖയ്ക്ക് തൊട്ടുമുകളിലുമാണ്.ചൈനയുടെ സമ്പദ്‌രംഗത്തെയും സാമൂഹിക വികസനത്തെയും തകർക്കുന്ന, പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മോശമാക്കുന്ന, സങ്കടങ്ങളെ മനപ്പൂർവം കൃത്രിമമാക്കിക്കാണിക്കുക തുടങ്ങിയ‌വയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ചൈനയുടെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വയോജനങ്ങളുടെയും അംഗപരിമിതരുടെയും കുട്ടികളുടെയും സങ്കടം നിറഞ്ഞ വിഡിയോകൾ പബ്ലിഷ് ചെയ്യുന്നത് ഇവർ വിലക്കി.

ഒരാൾ എവിടെയാണു ജനിച്ചത് എന്നതിന് അനുസരിച്ചാണ് ചൈനയിൽ സാമൂഹിക ക്ഷേമകാര്യങ്ങൾ ലഭിക്കുന്നത്. തെരുവുകളിൽനിന്ന് വീടില്ലാത്തവരെയും ഭിക്ഷക്കാരെയും പ്രാദേശിക ഭരണകൂടങ്ങൾ തല്ലിയോടിക്കുന്നു. ബെയ്ജിങ്ങിൽ വീടില്ലാത്തവരെയും ഭിക്ഷക്കാരെയും വരുമാനം കുറഞ്ഞ ജനങ്ങളെയും അവരുടെ സർക്കാർ 2017 ൽ തന്നെ വിലക്കി. ‘കുറഞ്ഞ നിലവാരമുള്ള’ ജനങ്ങളെ ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

തൊഴിലില്ലായ്മ 20 ശതമാനത്തിലെത്തിയെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു മിണ്ടുന്നതിന് പോലും വിലക്കുണ്ട്. ചൈനയുടെ പോസിറ്റീവ് പ്രതിച്ഛായ നിലനിർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഈ നീക്കത്തിനു പിന്നിൽ. സർക്കാർ കണക്കിൽ ദാരിദ്ര്യം തുടച്ചുനീക്കിയെന്നു വീമ്പിളക്കാനാണ് ഈ നടപടിയെന്നു ന്യൂയോർക്ക് ടൈംസ് വാദിക്കുന്നത്.

Related Articles

Latest Articles